കൊല്ലം: കോവിഡ് നിയന്ത്രണ ബോധവത്കരണത്തിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ശാസ്താംകോട്ട, ഭരണിക്കാവ് എന്നിവിടങ്ങളിലെ വ്യാപാരസ്ഥാപനങ്ങളിലും ബാങ്കുകളിലും മിന്നല്‍ പരിശോധന നടത്തി. സന്ദര്‍ശക രജിസ്റ്ററുകള്‍ പരിശോധിച്ചു. മാസ്‌ക് ഇടാത്ത ആറുപേര്‍ക്കും സന്ദര്‍ശക രജിസ്റ്റര്‍ സൂക്ഷിക്കാത്ത വ്യാപാര സ്ഥാപനങ്ങള്‍ക്കും പിഴചുമത്തി.
ഉറവിടമറിയാത്ത കോവിഡ് കേസുകള്‍ കൂടുന്നതിനാല്‍ അതീവ ജാഗ്രത പാലിക്കേണ്ടതാണെന്ന് കലക്ടര്‍ പറഞ്ഞു. വ്യാപാരസ്ഥാപനങ്ങള്‍ സന്ദര്‍ശകരുടെ പേര്, ഫോണ്‍ നമ്പര്‍ എന്നിവ രജിസ്റ്ററില്‍ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്. ബാങ്കുകളില്‍ തിരക്ക് ഒഴിവാക്കാന്‍ എ ടി എം കാര്‍ഡ് ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ടോക്കണ്‍ കൊടുക്കുമ്പോള്‍ അതില്‍ സമയം കൂടി രേഖപ്പെടുത്തണം. രേഖപ്പെടുത്തിയിരിക്കുന്ന സമയത്ത് മാത്രം ഇടപാടുകാര്‍ ബാങ്കില്‍ വരുന്ന രീതിയില്‍ സമയം ക്രമീകരിക്കണം. പരിശോധനകള്‍ക്ക് ശേഷം ശാസ്താംകോട്ട പഞ്ചായത്തില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍.
റൂറല്‍ എസ് പി ഹരിശങ്കര്‍, ഡി വൈ എസ് പി, എം എ നസീര്‍, ഡി ഡി പി ബിനുന്‍ വാഹിദ്, ശാസ്താംകോട്ട താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ ഷഹാന മുഹമ്മദ്, ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ നൗഷാദ്, വാര്‍ഡ് അംഗം എസ് ദിലീപ് കുമാര്‍, പൊലീസ്-റവന്യൂ-ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിശോധനയിലും പഞ്ചായത്തില്‍ നടന്ന അവലോകന യോഗത്തിലും പങ്കെടുത്തു.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8419/Inspection-.html