ന്യൂഡൽഹി: ഹാത്രാസിലെ പെൺകുട്ടിയുടെ ബലാൽസംഗക്കൊലപാതകത്തിൽ വിവാദ പരാമർശവുമായി മഹിളാ മോർച്ച ദേശീയ നേതാവ് പ്രീതി ഗാന്ധി. പെൺകുട്ടിയും കേസിലെ പ്രതിയും തമ്മിൽ നൂറോളം ഫോൺ കോളുകൾ നടത്തിയിട്ടുണ്ടെന്നും, മാനം കാക്കാനുള്ള കൊലപാതകമായിക്കൂടേ എന്നുമാണ് പ്രീതി ഗാന്ധിയുടെ ട്വീറ്റ് ചെയ്തത്.
2019 ഒക്ടോബറിനും 2020 മാർച്ചിനും ഇടയിൽ നൂറ് തവണ പെൺകുട്ടിയും കേസിലെ പ്രതിയും തമ്മിൽ സംസാരിച്ചിട്ടുണ്ട് എന്നും ട്വീറ്റിൽ പറയുന്നു.
കൊല്ലപ്പെട്ട പെണ്‍കുട്ടിയും പ്രതിയും തമ്മില്‍ നൂറിലേറെ ഫോണ്‍കോളുകള്‍ നടത്തിയതിന്റെ തെളിവുകളുണ്ടെന്ന് കഴിഞ്ഞ ദിവസം യു.പി പൊലീസ് അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് സംഭവം ദുരഭിമാനകൊലയാണെന്നും വീട്ടുകാര്‍ തന്നെയാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതാണെന്നുമടക്കമുള്ള പ്രസ്താവനകള്‍ വിവിധ ബി.ജെ.പി നേതാക്കള്‍ നടത്തിയിരുന്നു.
പ്രീതി ഗാന്ധിയുടെ ട്വീറ്റിൽ രൂക്ഷമായ പ്രതികരണവുമായി അഭിഭാഷകനും സാമൂഹ്യ പ്രവർത്തകനുമായ പ്രശാന്ത് ഭൂഷൻ രംഗത്തുവന്നു.
‘പ്രതീക്ഷിച്ച പോലെ തന്നെ ബി.ജെ.പിയുടെ വനിതാ വിഭാഗം ലൈംഗികാതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയെ വീട്ടുകാര്‍ തന്നെ ‘ദുരഭിമാനകൊല’ ചെയ്തതാണെന്നു പറയാന്‍ തുടങ്ങിയിരിക്കുന്നു. ബി.ജെ.പിയുടെ വനിതകളുടെ അധാര്‍മികതക്ക് ഒരു പരിധിയില്ലേ? ഇവര്‍ക്ക് ലജ്ജ തോന്നുന്നില്ലേ’ പ്രശാന്ത് ഭൂഷൺ ട്വീറ്റില്‍ പറഞ്ഞു.
പ്രതികളെ രക്ഷിക്കാനായി ചിലർ കളളക്കഥകൾ സൃഷ്ടിക്കുകയാണെന്നായിരുന്നു പെൺകുട്ടിയുടെ കുടുംബത്തിൻ്റെ പ്രതികരണം.