വിവാദ കാര്‍ഷിക നിയമങ്ങള്‍ക്ക് പകരം പുതിയ ബില്ല്: കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സഭാ സമ്മേളനം ഉടന്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ 3 കാര്‍ഷിക നിയമങ്ങള്‍ക്കു പകരമുള്ള ബില്ല് പാസാക്കുന്നതിന് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ അടിയന്തിര സഭാ സമ്മേളനം വിളിക്കും. കാര്‍ഷിക ബില്ലുകളെ മറി കടക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായാണ് സഭാ സമ്മേളനം വിളിക്കുന്നത്. നിയമങ്ങള്‍ക്ക് പകരമുള്ള ബില്ലിന് കോണ്‍ഗ്രസ് രൂപം നല്‍കിയിട്ടുണ്ട്.

പ്രൊട്ടക്ഷന്‍ ഓഫ് ഫാര്‍മേഴ്‌സ് ഇന്ററസ്റ്റ് ആന്‍ഡ് ഫാം പ്രൊഡ്യൂസ് (സ്‌പെഷല്‍ പ്രൊവിഷന്‍സ്) ബില്‍ എന്നായിരിക്കും ഇത് അറിയപ്പെടുക. പ്രമുഖ അഭിഭാഷകനായ അഭിഷേക് സിങ്വിയാണ് ബില്‍ തയാറാക്കിയത്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളോട് ബില്‍ തയാറാക്കി പാസാക്കാന്‍ പാര്‍ട്ടി പ്രസിഡന്റ് സോണിയ ഗാന്ധി നിര്‍ദേശിക്കുകയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമം തങ്ങളുടെ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമാണ് എന്നു കണ്ടാല്‍ സംസ്ഥാനങ്ങള്‍ക്ക് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 254(2) പ്രകാരം പകരം നിയമം കൊണ്ടുവരാം. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ നിയമസഭകള്‍ ഈ ബില്‍ പാസാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Share
അഭിപ്രായം എഴുതാം