കോവിഡ് രോഗിയെ പുഴുവരിച്ച സംഭവം, കുടുംബാംഗങ്ങളൈ തെറ്റിദ്ധരിപ്പിച്ചതായി വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തില്‍ ആശുപത്രി ജീവനക്കാര്‍ രോഗിയുടെ കുടുംബാംഗങ്ങളെ തെറ്റിദ്ധരിപ്പിച്ചതായി വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്. പുഴുവരിച്ച നിലയില്‍ എത്തിയിട്ടും വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍കുമാറിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി ജീവനക്കാര്‍ ബന്ധുക്കളെ അറിയിക്കുന്ന ഫോണ്‍ സംഭാഷണങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

അനില്‍കുമാര്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ദിവസങ്ങളില്‍ ജോലിയിലുണ്ടായിരുന്ന എല്ലാ ജീവനക്കാര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് കുടുംബം ഉന്നയിക്കുന്നത്. അനില്‍ കുമാറിന് കോവിഡ് സ്ഥിരീകരിച്ച സെപ്തംബര്‍ 6-ാം തീയതിമുതല്‍ എല്ലാദിവസവും ഫോണില്‍ വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ചിരുന്ന ബന്ധുക്കള്‍ക്ക് എല്ലാം തൃപ്തികരം എന്നായിരുന്നു മറുപടി ലഭിച്ചിരുന്നത്.

പരിചരിക്കാന്‍ ജീവനക്കാരുടെ കുറവുണ്ടെന്ന വാദമാണ് ജീവനക്കാര്‍ ഇപ്പോള്‍ ഉന്നയിക്കുന്നത്. അങ്ങനെയെങ്കില്‍ എന്തുകൊണ്ടാണ് വിളിച്ചുചോദിക്കുമ്പോള്‍ ഇക്കാര്യം പറയാന്‍ തയ്യാറാകാതിരുതെന്നും കുടുംബം ചോദിക്കുന്നു. സസ്‌പെന്റ് ചെയ്യപ്പെട്ട ആരോഗ്യ പ്രവര്‍ത്തകരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന സമരങ്ങളോടും അനിലിന്റെ ബന്ധുക്കള്‍ എതിര്‍പ്പറിയിക്കുന്നു. ദേഹമാസകലം പുഴുവരിച്ച നിലയില്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് പുറത്തയച്ച അനില്‍കുമാര്‍ പേരൂര്‍ക്കട താലൂക്ക് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.

Share
അഭിപ്രായം എഴുതാം