ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ആത്മനിർഭർ ഭാരത് ‘ പരിപാടിക്ക് അന്താരാഷ്ട്ര നാണയ നിധി ( ഐ എം എഫ്) യുടെ പ്രശംസ. കോവിഡിനാൽ ഗുരുതരമായി ബാധിക്കപ്പെട്ട ഇന്ത്യൻ സമ്പത് വ്യവസ്ഥയെ കൈ പിടിച്ചുയർത്താൻ സ്വയം പര്യാപ്ത ഇന്ത്യ എന്ന ആശയത്തിനു സാധിക്കുമെന്ന് ഐ.എം.എഫ് കമ്യൂണിക്കേഷൻസ് ഡിപാർട്മെൻ്റിൻ്റെ ഡയറക്ടർ ജെറി റൈസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പ്രധാനമന്ത്രി പറഞ്ഞതു പോലെ ആഗോള സമ്പദ് വ്യവസ്ഥയിൽ ഇന്ത്യയ്ക്ക് പ്രധാന പങ്ക് വഹിക്കാനുണ്ട്. സമ്പദ് വ്യവസ്ഥയുടെ കാര്യക്ഷമതയും മത്സരശേഷിയും മെച്ചപ്പെടുത്തുന്നതാണ് പുതിയ പരിപാടി. ‘മെയ്ക്ക് ഫോർ ദ വേൾഡ്’ എന്ന ലക്ഷ്യം കൈവരിക്കുന്നതിന് വ്യാപാരം , നിക്ഷേപം , സാങ്കേതിക വിദ്യ , എന്നിവയിൽ ആഗോള നിലവാരത്തിലേക്ക് ഇന്ത്യ ഉയരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോഗ്യരക്ഷാ മേഖലയിൽ സുസ്ഥിര വികസനം കൈവരിക്കാൻ നിലവിൽ ആരോഗ്യ രംഗത്തിനായി വിനിയോഗിക്കുന്ന 3.7 % ജി ഡി പി എന്നത് ഗണ്യമായി വർദ്ധിപ്പിക്കേണ്ടതുണ്ടെന്നും ജെറി റൈസ് പറഞ്ഞു.