പാലക്കാട് : പാലക്കാട് മണ്ണൂരില്‍ വ്യാജ വൈദ്യന്‍ പിടിയിലായി. മണ്ണൂര്‍ കിഴക്കുംപുറം കോഴിച്ചുണ്ട സ്വേദേശി കെഎം മുഹമ്മദലിയാണ് പിടിയിലായത്. പാരമ്പര്യ വൈദ്യനെന്ന പേരിലാണ് ഇയാള്‍ ചികിത്സ നടത്തിയിരുന്നത്. ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ആരോഗ്യ വകുപ്പും മങ്കര പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ ഇദ്ദേഹം വ്യാജനാണെന്ന് കണ്ടെത്തുകയായിരുന്നു. മണ്ണൂരിലെ അറബി ചികിത്സാ കേന്ദ്രത്തിലാണ് പാരമ്പര്യ വൈദ്യനെന്ന പേരില്‍ ഇയാള്‍ ചികിത്സ നടത്തിയിരുന്നത്.
പത്താം ക്ലാസുപോലും പാസായിട്ടില്ലാത്ത വൈദ്യനെ തേടി സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി നൂറുകണക്കിനാളുകളാണ് മണ്ണൂരിലെത്തിയിരുന്നത്. ഹൃദ്രോഗം പ്രമേഹം തുടങ്ങി ഒട്ടേറെ മാരക രോഗങ്ങള്‍ക്ക് ചികിത്സ നല്‍കിയിരുന്നു. നാലുവര്‍ഷമായി ചികിത്സ നടത്തിയിരുന്ന ഇദ്ദേഹത്തിന് എടപ്പാളിലും ചികിത്സാ കേന്ദ്രം ഉണ്ടായിരുന്നു. പലനാടുകളിലായി 18 വര്‍ഷത്തോളമായി മുഹമ്മദലി ചികിത്സ നടത്തി വന്നിരുന്നു. മണ്ണൂരിലെ ചിതിത്സാ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍ ചികിത്സാ ഉപകരണങ്ങളും വിവിധ കമ്പനികളുടെ ആയുര്‍വേദ മരുന്നുകളും പിടിച്ചെടുത്തു.
പരിശോധനാ സംഘം ഇയാളെ അന്വേഷിച്ചെത്തിയ സമയം വൈദ്യനെ കാണാന്‍ നിരവധി രോഗികള്‍ എത്തിയിട്ടുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. മുഹമ്മദലിക്കുപിന്നില്‍ വേറെ സംഘങ്ങളുണ്ടെയെന്ന് അന്വേഷിക്കുകയാണ് പോലീസ്.



