വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ചൈനയില്‍ നിന്നുള്ള യുഎസ് രാഷ്ട്രീയത്തെക്കുറിച്ചുള്ള പോസ്റ്റുകള്‍ നീക്കം ചെയ്തതായി ഫേസ്ബുക്ക് അറിയിച്ചു. മുമ്പ് ചൈനയില്‍ നിന്ന് വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ നീക്കം ചെയ്യുന്നത് ചൈനയില്‍ നിന്ന് യുഎസ് രാഷ്ട്രീയത്തെക്കുറിച്ച് പോസ്റ്റുചെയ്യുന്നവയാണ്. രണ്ട് വ്യത്യസ്ത നെറ്റ് വര്‍ക്കുകളാണ് ഫെയ്‌സ്ബുക്ക് ഇത്തരത്തില്‍ തിരിച്ചറിഞ്ഞിരിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി.
നേരത്തെ, അമേരിക്കന്‍ തിരഞ്ഞെടുപ്പിന് ഒരാഴ്ച മുന്‍പ് രാഷ്ട്രീയ പരസ്യങ്ങള്‍ സ്വീകരിക്കുന്നത് നിര്‍ത്തുമെന്ന് ഫേസ്ബുക്ക് അറിയിച്ചിരുന്നു. ഇത്തരം പരസ്യങ്ങള്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നത് തടയാനാണ് നീക്കം. ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് മുന്നേ, ജയപ്രഖ്യാപനം നടത്തുന്ന നേതാക്കളുടെയും സ്ഥാനാര്‍ത്ഥികളുടെയും അക്കൌണ്ടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും സുക്കര്‍ബര്‍ഗ് വ്യക്തമാക്കി.ഫേസ്ബുക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടപെടുന്നുവെന്ന വ്യാപക ആരോപണം നിലനില്‍ക്കൊണ് പുതിയ തീരുമാനം വ്യക്തമാക്കി സുക്കര്‍ബര്‍ഗ് തന്നെ രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയിലും, ബിജെപിയെ ഫേസ്ബുക്ക് സഹായിച്ചുവെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച വിവാദം പുകയുന്നിതിനിടെയാണ് അമേരിക്കന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് തീരുമാനം.