രാഷ്ട്രീയ കേരളത്തിനുമുമ്പില്‍ തൊഴുകയ്യോടെ ഉമ്മന്‍ചാണ്ടി

കോട്ടയം: നിയമ സഭാംഗത്വ സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്‍റെ ഭാഗമായി ഉമ്മന്‍ ചാണ്ടിക്ക്‌ ജന്മനാട്‌ അവിസ്‌മരണീയ വരവേല്‍പ്പ്‌ നല്‌കി. പുലര്‍ച്ചെ പുതുപ്പളളി പളളിയില്‍ കുര്‍ബാന കഴിഞ്ഞ്‌ കുടുംബ സമേതം പുറത്തിറങ്ങിയ ഉമ്മന്‍ ചാണ്ടിയെ നാട്ടുകാര്‍ ഏറ്റെടുക്കുകയായിരുന്നു. പുതുപ്പളളിയിലും കോട്ടയത്തുമായി രാപ്പകല്‍ വ്യത്യാസമില്ലാതെ നീണ്ട സ്വീകരണങ്ങള്‍ അവസാനിക്കുമ്പോഴും അതിവേഗം ബഹുദൂരം പറയാനുളള ഊര്‍ജവുമായി രാഷ്ട്രീയ കേരളത്തിനുമുമ്പില്‍ ഉമ്മന്‍ചാണ്ടി തൊഴുകയ്യോടെ നിന്നു.

കോവിഡ്‌ നിയന്ത്രണങ്ങള്‍ പാലിച്ച്‌ കോട്ടയം മാമ്മന്‍ മാപ്പിളഹാളില്‍ നടന്ന പ്രൗഢഗംഭീരമായ ആഘോഷത്തില്‍ സമൂഹത്തിന്‍റെ വിവിധ തുറകളില്‍ നിന്നുളള 50 പ്രമുഖ വ്യക്തികള്‍ പങ്കെടുത്തു. ലോകമൊട്ടാകെ 50 ലക്ഷം പേരാണ്‌ വെര്‍ച്ച്വല്‍ ഫ്‌ളാറ്റ്‌ഫോമില്‍ പരിപാടികള്‍ വീക്ഷിച്ചത്‌. ഏറ്റവും കൂടുതല്‍ വീക്ഷിച്ച പരിപാടിയെന്ന നിലയില്‍ ലിംക ബുക്ക്‌ ഓഫ്‌ റെക്കാര്‍ഡ്‌‌സിലും ഇടംപിടിച്ചു.

50 റോസാപ്പൂക്കള്‍ നല്‍കിയാണ്‌ അദ്ദേഹത്തെ വേദിയിലേക്കാകര്‍ഷിച്ചത്‌. പേരക്കുട്ടി എഫിനോവ്‌ കേക്ക്‌മുറിച്ചു. ഭാര്യ മറിയാമ്മ ഉമ്മന്‍, മകള്‍ മറിയം, മകന്‍ ചാണ്ടി ഉമ്മന്‍ എന്നിവരും മറ്റ്‌ കുടുംബാംഗങ്ങളും മധുരം പങ്കിട്ടു. അമേരിക്കയില്‍ ചികിത്സയിലായിരുന്ന കോണ്‍ഗ്രസ്‌ അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ സന്ദേശം കെ.സി.ജോസഫ്‌ എംഎല്‍എ വായിച്ചു. കെപിസിസി പ്രസിഡന്‍റ് ‌ മുല്ലപ്പളളി രാമചന്ദ്രന്‍ അദ്ധ്യക്ഷനായിരുന്നു. പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല ആമുഖ പ്രസംഗം നടത്തി.

രാഹുല്‍ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌, എകെ ആന്‍റണി, കെസി വേണുഗോപാല്‍, വയലാര്‍ രവി, ജസ്റ്റീസ്‌ കെടി തോമസ്‌, കോടിയേരി ബാലകൃഷ്‌ണന്‍, പികെ കുഞ്ഞാലിക്കുട്ടി, കുമ്മനം രാജശേഖരന്‍, പാണക്കാട്‌ സാദിക്കലി ശിഖാബ്‌ തങ്ങള്‍, സുഗതകുമാരി ,കാനം രാജേന്ദ്രന്‍, മോഹന്‍ലാല്‍ , മമ്മുട്ടി, കര്‍ദ്ദിനാള്‍ ജോര്‍ജ്‌ ആലഞ്ചേരി, ജി സുകുമാരന്‍ നായര്‍ തുടങ്ങിയ പ്രമുഖര്‍ നേരിട്ടും ഓണ്‍ലൈനിലൂടെയും ആശംസകള്‍ നേര്‍ന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ സ്വാഗതവും ജോസഫ്‌ വാഴക്കന്‍ കൃതഞ്‌ജ്‌തയും പറഞ്ഞു. കേരള കൗമുദി ചീഫ്‌ ന്യൂസ്‌ എഡിറ്റര്‍ ശങ്കര്‍ ഹിമഗിരി സംസാരിച്ചു.

Share
അഭിപ്രായം എഴുതാം