കൊല്ലം സുഭിക്ഷകേരളം: ജില്ലയില്‍ കന്നുകാലി വളര്‍ത്തല്‍ വ്യാപകമാക്കാന്‍ പദ്ധതികള്‍

കൊല്ലം: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ കന്നുകാലി വളര്‍ത്തല്‍ യൂണിറ്റുകള്‍ വ്യാപകമാക്കും. ഇതിന് കര്‍ഷകര്‍ക്കായി നാല് പദ്ധതികളാണ് നിലവിലുള്ളത്. ദേശീയ കന്നുകാലി വികസന ദൗത്യത്തിന് കീഴിലുള്ള  വീട്ടുമുറ്റത്തെ ആട് വളര്‍ത്തല്‍ പദ്ധതിയിലുള്‍പ്പെടുത്തി 90 ആടുവളര്‍ത്തല്‍ യൂണിറ്റുകള്‍ ആരംഭിക്കും. 10 പെണ്ണാടും ഒരു മുട്ടനാടും അടങ്ങുന്ന ഒരു യൂണിറ്റിന് സബ്‌സിഡി ഇനത്തില്‍ 59,400 രൂപ അനുവദിക്കും. പൂര്‍ണ്ണമായും ഗ്രാമീണ മേഖലയില്‍ നടപ്പാക്കുന്ന പദ്ധതിക്കായി തഴവ, ശൂരനാട് തെക്ക്, കരവാളൂര്‍, ഏരൂര്‍, മയ്യനാട്, ചാത്തന്നൂര്‍, പേരയം, വെളിനെല്ലൂര്‍, പനയം ഗ്രാമപഞ്ചായത്തുകളാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

കന്നുകാലി വിഭവ വികസനത്തിന്റെ ഭാഗമായി വാണിജ്യാടിസ്ഥാനത്തിളുള്ള ആടുവളര്‍ത്തല്‍ പദ്ധതിക്കായി 19 പെണ്ണാടും ഒരു മുട്ടനാടും അടങ്ങുന്ന ഒരു യൂണിറ്റിന് ഒരു ലക്ഷം രൂപ ധനസഹായം നല്‍കും. ഇത്തരത്തില്‍ 30 യൂണിറ്റുകള്‍ ജില്ലയില്‍ ആരംഭിക്കും.

ഗോട്ട് സാറ്റലൈറ്റ് യൂണിറ്റ് പദ്ധതിയില്‍ അഞ്ചു പെണ്ണാടും ഒരു മുട്ടനാടുമടങ്ങുന്ന ഒരു യൂണിറ്റ് സ്ഥാപിക്കാന്‍ 25,000 രൂപ ധനസഹായം നല്‍കും. ഇങ്ങനെ 80 യൂണിറ്റുകള്‍ അനുവദിക്കും. കന്നുകുട്ടി പരിപാലന പദ്ധതിയില്‍ ഉള്‍പ്പെട്ട ഗോവര്‍ദ്ധിനി പദ്ധതിക്കായി നാലു മുതല്‍ ആറു മാസം വരെ പ്രായമുള്ള പശു, എരുമ എന്നിവയെ തെരഞ്ഞെടുക്കും. 4 മാസം മുതല്‍ 30 മാസം പ്രായമാകുന്നതുവരെ 50 ശതമാനം സബ്‌സിഡി നിരക്കില്‍ ക്ഷീരസംഘങ്ങള്‍ വഴി കാലിത്തീറ്റ ലഭ്യമാക്കും. ഒരു കന്നുകുട്ടിക്ക് ചെലവാകുന്ന 25,000 രൂപയുടെ 50 ശതമാനം ഗുണഭോക്തൃ വിഹിതമായി കര്‍ഷകരില്‍നിന്ന് ഈടാക്കും. 3,000 കന്നുകുട്ടികളെയാണ് ആകെ അനുവദിക്കുക.

ഇവ കൂടാതെ 2018 ലെ വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളിലെ കര്‍ഷകര്‍ക്കായി കാലിത്തൊഴുത്ത് നിര്‍മ്മാണത്തിനുള്ള ധനസഹായം, കിടാരി,  ആട്, കോഴി, താറാവ് എന്നിവ വളര്‍ത്തല്‍, പുല്‍കൃഷി, തുടങ്ങിയ പദ്ധതികള്‍ നടപ്പില്‍ വരുത്തിയിട്ടുണ്ട്. പദ്ധതികളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അതാത് പഞ്ചായത്തിലെ  മൃഗാശുപത്രികള്‍ വഴി ലഭ്യമാകുമെന്ന് ജില്ലാ മൃഗസംരക്ഷണ  ഓഫീസര്‍ ഡോ. ഡി. സുഷമ കുമാരി അറിയിച്ചു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7886/Goat-farm.html

Share
അഭിപ്രായം എഴുതാം