റോഹിങ്ക്യൻ അഭയാർത്ഥി പ്രശ്നം തീവ്രവാദത്തിൻ്റെ വളർച്ചയ്ക്ക് കാരണമാകുമെന്ന് ബംഗ്ലാദേശ്

ധാക്ക : റോഹിങ്ക്യൻ അഭയാർത്ഥി പ്രശ്നം പരിഹരിക്കാൻ മ്യാന്മാർ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ അത് മേഖലയിൽ തീവ്രവാദത്തിൻ്റെ വളർച്ചയ്ക്ക് കാരണമാകുമെന്ന് ബംഗ്ലാദേശ്.

ഇരുപത്തി ഏഴാമത് ആസിയാൻ റീജിയണൽ ഫോറത്തിൻ്റെ മന്ത്രിതല യോഗത്തിൽ ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എ കെ മോമനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മ്യാൻമാറിൽ നിന്ന് അഭയംതേടിയെത്തിയ 11 ലക്ഷം റോഹിങ്ക്യൻ വംശജരാണ് ബംഗ്ലാദേശിലെ അഭയാർത്ഥിക്യാമ്പുകളിൽ ജീവിക്കുന്നത്. മാനുഷിക പരിഗണന വച്ചാണ് ഇത്രയും മനുഷ്യർക്ക് ബംഗ്ലാദേശ് അഭയം നൽകിയത് എന്ന് അദ്ദേഹം പറയുന്നു

‘രാജ്യത്തിന് സാമ്പത്തികമായും പാരിസ്ഥിതികമായും സാമൂഹികമായും വലിയ നഷ്ടങ്ങൾ ഇതുമൂലം ഉണ്ടായിട്ടുണ്ട്. മ്യാന്മാർ എത്രയും വേഗം ഈ മനുഷ്യരെ തിരികെ സ്വീകരിക്കണം. റോഹിങ്ക്യൻ അഭയാർഥികൾ ആരും ഇപ്പോൾ മ്യാൻമാറിലേക്ക് തിരികെ പോകാൻ തയ്യാറല്ല എന്നതും വസ്തുതയാണ്. ജനിച്ചനാട്ടിൽ ജീവൻ സുരക്ഷിതമല്ല എന്ന് അവർ കരുതുന്നുണ്ട് . മ്യാൻമാർ തങ്ങളുടെ സുഹൃദ് രാജ്യമാണ്, പ്രശ്നത്തിന് സൈനികേതര അന്താരാഷ്ട്ര ഇടപെടൽ മ്യാന്മാർ അനുവദിക്കണമെന്നാണ് തങ്ങളുടെ അഭിപ്രായം. ഇന്ത്യയടക്കമുള്ള അയൽ രാജ്യങ്ങളുടെ സഹകരണത്തോടെ ഈ മനുഷ്യരെ മ്യാൻമാർ തിരികെ സ്വീകരിക്കണം. അല്ലാത്തപക്ഷം മേഖലയിൽ തീവ്രവാദ പ്രസ്ഥാനങ്ങൾ വേരൂന്നാൻ സാധ്യതയുണ്ട്’ മോമൻ പറയുന്നു.

സൈനിക അടിച്ചമർത്തലിൽ നിന്നും അക്രമത്തിൽ നിന്നും രക്ഷതേടി 2015 മുതൽ 13 ലക്ഷം റോഹിംഗ്യൻ മുസ്ലീങ്ങൾ മ്യാൻമാറിൽ നിന്നും പലായനം ചെയ്തിട്ടുണ്ട് എന്നാണ് ഐക്യരാഷ്ട്രസംഘടന പറയുന്നത് . ഇവരിൽ വലിയൊരു ഭാഗവും അയൽരാജ്യമായ ബംഗ്ലാദേശിലേക്കാണ് കുടിയേറിയത്. പ്രശ്നത്തിൽ യുഎൻ ഇടപെടൽ വേണം എന്ന് നിരന്തരം ബംഗ്ലാദേശ് ആവശ്യപ്പെടുന്നുണ്ട്.

Share
അഭിപ്രായം എഴുതാം