തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഭരണ സമിതിയും സെക്രട്ടറിയും തമ്മിലുളള ആഭ്യന്തര കലഹത്തെ തുടര്‍ന്ന് സെക്രട്ടറി ആര്‍ എസ് അനുവിനെ സ്ഥാനത്തുനിന്നും നീക്കി. കുടുംബശ്രീ ആരോഗ്യ വിഭാഗം പ്രോഗ്രാം ഓഫീസര്‍ തസ്തികയിലേക്കാണ് മാറ്റം. ഉത്തരവ് ഇന്ന് കൈമാറും. സെക്രട്ടറി അധികാരമേറ്റതിനെ തുടര്‍ന്നുണ്ടായ അഭിപ്രായ ഭിന്നതകള്‍ രൂക്ഷമായതോടെ ഫയല്‍ നീക്കം ഉള്‍പ്പടെയുളള കാര്യങ്ങള്‍ സ്തംഭിച്ചിരുന്നു. തെരഞ്ഞെടുപ്പ് അടുത്തുനില്‍ക്കെ ഈ സ്ഥിതി തുടര്‍ന്നാല്‍ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി മേയര്‍ പരാതി നല്‍കിയിരുന്നു.
എന്നാല്‍ കോര്‍പ്പറേഷനില്‍ അഴിമതിയാണ് നടക്കുന്നതെന്ന ആരോപണവുമായി അനു മന്ത്രി എ.സി.മൊയ്തിന്‍റെയും വകുപ്പ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയുടേയും അടുത്തെത്തിയിരുന്നു. തുടര്‍ന്ന് വകുപ്പ് ഇരുവിഭാഗങ്ങളുടേയും ഭാഗം പരിശോധിക്കുകയുണ്ടായി. അനു കൊച്ചിയല്‍ റീജ്യണല്‍ ജോയിന്‍റ് ഡയറക്ടറായിരിക്കെ ഗുരുതരമായ വകുപ്പ് നടപടികള്‍ക്ക് വിധേയമായിരുന്നത് സംബന്ധിച്ചുളള നടപടികള്‍ തുടര്‍ന്നുവരുന്ന സാഹചര്യത്തിലാണിത്. സ്ഥാന ചലനത്തിന് അതും കാരണമായി. കഴിഞ്ഞമാസം 17 നാണ് അനു സെക്രട്ടറിയായി കോര്‍പ്പറേഷനില്‍ ചാര്‍ജെടുത്തത്. ഒരുമാസം പൂര്‍ത്തിയാക്കാന്‍ 2 ദിവസം ശേഷിക്കെയാണ് സെക്രട്ടറിയുടെ സ്ഥാന ചലനം. കുടുംബശ്രീയിലേക്കാണ് മാറ്റമെങ്കിലും അനുവിന് മറ്റൊരു ചുമതലകൂടി നല്‍കാനാണ് സാധ്യത. വകുപ്പുതല സെക്രട്ടറിയുടെ മേല്‍നോട്ടത്തിന്‍ കീഴിലുളള സ്ഥാനത്തേക്ക് മാറ്റാനാണ് സാധ്യത. ഇതിനുളള നടപടികള്‍ നടന്നുവരുന്നു.
കോര്‍പ്പറേഷന്‍ അഡീഷണല്‍ സെക്രട്ടറി ബിനിക്കായിരിക്കും സെക്രട്ടറിയുടെ ചുമതല. അനുവിനെ മാറ്റുന്ന സ്ഥാനത്തേക്ക് നേരത്തെ സെക്രട്ടറിയായിരുന്ന ദീപയ്‌ക്കോ, കൊല്ല്ത്ത് റീജ്യണല്‍ ജോയിന്റ് ഡയറക്ടറായ ഹരികുമാറിനോ ചുമതല നല്‍കുന്ന കാര്യം പരിഗണിച്ചിരുന്നെങ്കിലും നടപ്പിലായില്ല. അനുവിനെ വടക്കന്‍ ജില്ലകളിലെ ഏതെങ്കിലും കോര്‍പ്പറേഷന്‍ സെക്രട്ടറിയായി മാറ്റിയിട്ട് അവിടത്തെ സെക്രട്ടറിയെ ഇങ്ങോട്ട് കൊണ്ടുവരാനുളള ശ്രമവും നടന്നില്ല.