ധാരാവിയില്‍ കോവിഡ് 19 പടര്‍ന്നു പിടിക്കുന്നു

മുംബൈ: ധാരാവിയില്‍ വീണ്ടും കോവിഡ് രോഗം പടര്‍ന്നു പിടിക്കുന്നു. ഏകദേശം നിയന്ത്രണ വിധേയമായിരുന്ന രോഗബാധ വീണ്ടും ഉയരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ് 19 നിയന്ത്രണ വിധേയമായി 55 ദിവസങ്ങള്‍ക്കു ശേഷം ഇന്നലെ 33 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടുമാസമായി കോവിഡ് വിരലിലെണ്ണാവുന്നവര്‍ക്കു മാത്രമാണ് കണ്ടെത്തിയത്. പ്രതിരോധ നടപടികള്‍ ശക്തമാക്കിയതോടെ ജൂണ്‍ അവസാനത്തോടെ പുതിയ കോവിഡ് രോഗികളുടെ എണ്ണം കുറയുകയായിരുന്നു. എന്നാല്‍ ഏഴുലക്ഷം പേര്‍ തിങ്ങിപ്പാര്‍ക്കുന്ന ധാരാവിയില്‍ കോവിഡ് വാഹകരുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്ക സൃഷ്ടിക്കുകയാണ്. വിവിധ ആഘോഷങ്ങള്‍ നടത്തിയതും കുടിയേറ്റ തൊഴിലാളികള്‍ മടങ്ങി വന്നതുമാണ് കോവിഡ് വ്യാപനത്തിനിടയാക്കിയത്.

കോവിഡ് ബാധിച്ച് 270 പേരാണ് ധാരാവിയില്‍ മരിച്ചത്. 2883 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലത്തെ റിപ്പോര്‍ട്ട് പ്രകാരം രോഗികളുടെ എണ്ണം 124 ആയി. കോവിഡ് നിയന്ത്രണ വിധേയമായ സാഹചര്യത്തില്‍ ലോക്ഡൗണുകള്‍ ഇവിടെ നിന്നും പിന്‍വലിച്ചിരുന്നു. കുടിയേറ്റ തൊഴിലാളികളുടെ മടങ്ങി വരവോടെ ചെറിയ റെസ്‌റ്റോറന്റുകളും വ്യാപാര കേനദ്രങ്ങളുമെല്ലാം തുറന്നു. ഗണോശോത്സവം വലിയതോതില്‍ ആഘോഷിക്കുകയും ചെയ്തു. ഇതാണ് രോഗ ബാധ വര്‍ധിപ്പിച്ചതെന്ന് മെഡിക്കല്‍ ഓഫീസര്‍ഡോ.വിരേന്ദ്ര മോഹിതെ പറഞ്ഞു. വലിയ ക്ലസ്റ്ററുകള്‍ രൂപപ്പെടുത്തി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശ്കതമാക്കിയ ധാരാവി മറ്റു രാജ്യങ്ങള്‍ക്കും ഇന്ത്യയ്ക്കും മാതൃകയായി മാറിയിരുന്നു. ഏപ്രില്‍ ഒന്നിനാണ് ധാരാവിയില്‍ ആദ്യമായി കോവിഡ് സ്ഥരീകരിച്ചത്. രോഗ ബാധയുള്ള വ്യക്തി മരിക്കുകയും ചെയ്തു. പിന്നീട് നിയന്ത്രണ വിധേയമായ രോഗമാണ് വീണ്ടും ഭീഷണിയാകുന്നത്.

Share
അഭിപ്രായം എഴുതാം