നേട്ടങ്ങളുണ്ടാകാന്‍ മന്ത്രവാദം, പീഡനശ്രമത്തിനിടെ പെണ്‍കുട്ടി ഇറങ്ങിയോടി, മന്ത്രവാദി പിടിയില്‍

ചിറയിന്‍കീഴ്: മന്ത്രവാദ ചികിത്സ നടത്തുന്നതിനിടയില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൂജാരി അറസ്റ്റില്‍. ചിറയിന്‍കീഴ് പൊലീസ് അറസ്റ്റു ചെയ്തു. മുടപുരത്തിന് സമീപം ആസ്ട്രോ ജ്യോതിഷാലയം നടത്തുന്ന ശ്രീകുമാര്‍ നമ്പൂതിരിയാണ് (48) പിടിയിലായത്. ഇയാള്‍ മുടപുരത്തുള്ള ക്ഷേത്രത്തിലാണ് ജോലി ചെയ്യുന്നത്.

ഇക്കഴിഞ്ഞ 8-9-2020 ലാണ് കേസിനാസ്പദമായ സംഭവം. രക്ഷിതാക്കളോടൊപ്പമെ ത്തിയ പെണ്‍കുട്ടിയെ മന്ത്രവാദ ചികിത്സയ്ക്കിടെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. മന്ത്രവാദത്തിലൂടെ നേട്ടങ്ങളുണ്ടാകുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ക്ഷേത്ര വളപ്പിലുള്ള പൂജാരിയുടെ മുറിയില്‍ കയറ്റി. അവിടെവെച്ചാണ് മന്ത്രവാദകര്‍മങ്ങള്‍ ചെയ്തിരുന്നത്. എന്നാല്‍ മുറിയില്‍ നിന്നും ഇറങ്ങിയോടിയ യുവതി ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. സ്ഥിതിഗതികള്‍ പ്രശ്‌നമായതറിഞ്ഞ് പ്രതി സ്വദേശമായ കണ്ണൂരിലേക്ക് രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു. ആറ്റിങ്ങല്‍ ഡിവൈ.എസ്.പി എസ്.വൈ സുരേഷിന്റെ നിര്‍ദ്ദേശപ്രകാരം ചിറയിന്‍കീഴ് എസ്.എച്ച്.ഒ രാഹുല്‍ രവീന്ദ്രന്‍, എ.എസ്.ഐ ഹരി, സജീര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു.

Share
അഭിപ്രായം എഴുതാം