വായ്പാ മോറിട്ടോറിയം പഠിക്കാൻ വിദഗ്ധ സമിതി രൂപീകരിച്ച് ധനകാര്യ മന്ത്രാലയം.

ന്യൂഡൽഹി: കോവിഡ് കാലത്ത് ഏർപ്പെടുത്തപ്പെട്ട വായ്പാ മൊറട്ടോറിയത്തിലെ പലിശയും കൂട്ടുപലിശയും എഴുതിത്തള്ളുന്നതടക്കമുള്ള വിഷയങ്ങൾ പഠിക്കാൻ ധനകാര്യ മന്ത്രാലയം വിദഗ്ദ്ധ സമിതിയെ രൂപീകരിച്ചു.

മുൻ സിഎജി രാജീവ് മെഹിർഷി ചെയർമാനായുള്ള വിദഗ്ധ സമിതിയിൽ മൂന്ന് അംഗങ്ങളാണുള്ളത്. കോവിഡിനോടനുബന്ധിച്ച് പ്രഖ്യാപിച്ച വായ്പാ മൊറട്ടോറിയം ദേശീയ സമ്പദ്‌വ്യവസ്ഥയിലുണ്ടാക്കിയ ആഘാതവും, പലിശ എഴുതിത്തള്ളുന്നതിന്റെയും കൂട്ടുപലിശ ഒഴിവാക്കുന്നതിന്റെയും പ്രത്യാഘാതവും പഠിക്കുകയാണ് സമിതിയുടെ പ്രധാന ലക്ഷ്യം. മേൽ പറഞ്ഞ നടപടികളുമായി ബന്ധപ്പെട്ട് സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ സാമ്പത്തിക പ്രയാസങ്ങൾ ലഘൂകരിക്കാനുള്ള നിർദ്ദേശങ്ങളും ഇക്കാര്യത്തിൽ സ്വീകരിക്കേണ്ട നടപടികളും കൂടി ഇതോടൊപ്പം പരിശോധിക്കപ്പെടും.

ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിക്ക് കേന്ദ്ര സർക്കാർ നൽകിയിരിക്കുന്ന നിർദേശം. തിരിച്ചടവ് മുടങ്ങിയ അക്കൗണ്ടുകൾ എൻപിഎ (നിഷ്ക്രിയ ആസ്തി)കളായി ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ പ്രഖ്യാപിക്കരുതെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി വിധിച്ചിരുന്നു. ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെതായിരുന്നു ഇടക്കാല ഉത്തരവ്.

എല്ലാ ഹർജിക്കാരുടെയും വാദംകേട്ട സുപ്രീം കോടതി രണ്ടാഴ്ചയ്ക്കുള്ളിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര സർക്കാരിന് നിർദേശവും നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ധനകാര്യ മന്ത്രാലയം പുതിയ സമിതിയെ നിയമിച്ചത്.

സെപ്റ്റംബർ 28വരെ വായ്പ അടയ്ക്കാത്തവരുടെ ക്രഡിറ്റ് റേറ്റിങ് താഴ്ത്താൻ പാടില്ലെന്നും നിലവിലെ സ്ഥിതി നിലനിർത്തേണ്ടതാണെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

മോറട്ടോറിയം കാലത്ത് പലിശ ഒഴിവാക്കുന്ന കാര്യത്തിൽ റിസർവ് ബാങ്കിനേക്കാൾ ഉയർന്നതലത്തിലാണ് സർക്കാർ ചർച്ചകൾ നടത്തുന്നതെന്നാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചത്.
എല്ലാമേഖലയ്ക്കും ആശ്വാസം നൽകാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മേത്ത കോടതിയിൽ പറഞ്ഞിരുന്നു.

പലിശയിന്മേൽ പലിശ ഈടാക്കരുതെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. വായ്പ മൊറട്ടോറിയം കാലയളവിൽ പലിശ എഴുതിത്തള്ളിയാൽ ബാങ്കുകൾക്ക് രണ്ടുലക്ഷം കോടി രൂപയുടെ ബാധ്യതയുണ്ടാകുമെന്ന് റിസർവ് ബാങ്ക് ജൂൺ നാലിന് കോടതിയെ അറിയിച്ചിരുന്നു.

Share
അഭിപ്രായം എഴുതാം