കുടിയേറ്റ ജനതയുടെ ആഗ്രഹസാഫല്യം; ഇടുക്കി ജില്ലയില്‍ 1000 ത്തില്‍പരം പട്ടയം കൂടി വിതരണം ചെയ്യും

ഇടുക്കി: കുടിയേറ്റ ജനതയുടെ ആത്മാഭിമാനമുയര്‍ത്തി, സ്വപ്ന സാഫല്യമായി ഇടുക്കി ജില്ലയില്‍ 1000 ത്തില്‍ പരം പട്ടയങ്ങള്‍ കൂടി വിതരണം ചെയ്യുന്നു. ഈ മാസം 14 ന് തൊടുപുഴ ടൗണ്‍ ഹാളില്‍ രാവിലെ 11 മണിക്ക് റവന്യുവകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍  ജില്ലയിലെ അഞ്ചാമത് പട്ടയമേള ഉദ്ഘാടനം ചെയ്യും. കുറ്റിയാര്‍വാലി പദ്ധതി പ്രദേശത്തെ പട്ടയഭൂമി, കൈവശക്കാര്‍ക്ക് കൈമാറിയതിന്റെ പൂര്‍ത്തീകരണ പ്രഖ്യാപനവും ഇതോടൊപ്പം മന്ത്രി നിര്‍വ്വഹിക്കും. വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി അധ്യക്ഷത വഹിക്കും.

നിയമങ്ങളിലെയും ചട്ടങ്ങളിലെയും സങ്കീര്‍ണതകള്‍ മൂലം പട്ടയം ലഭിക്കുന്നതിന് നിലനിന്നിരുന്ന തടസങ്ങള്‍ ഒന്നൊന്നായി നീക്കിക്കൊണ്ട് അര്‍ഹരായ എല്ലാവര്‍ക്കും പട്ടയം നല്‍കുന്നതിന് സര്‍ക്കാര്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ച് നടപടിയാരംഭിച്ചു കഴിഞ്ഞതായി ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ അറിയിച്ചു.

അഞ്ചാമത് പട്ടയമേളയില്‍ തൊടുപുഴ താലൂക്ക്  139, ഇടുക്കി താലൂക്ക്  20, ദേവികുളം താലൂക്കിലെ മന്നാംകണ്ടം, വെള്ളത്തൂവല്‍ മേഖല  24,  ഭൂമി പതിവ് ഓഫീസിനു കീഴില്‍ നല്കുന്ന പട്ടയങ്ങളുടെ എണ്ണം;  കരിമണ്ണൂര്‍  130, കട്ടപ്പന  258, മുരിക്കാശ്ശേരി  94, നെടുങ്കണ്ടം  100, രാജകുമാരി  50, പീരുമേട് 76, ഇടുക്കി 110  എന്നിവയ്‌ക്കൊപ്പം  ഉടുമ്പന്‍ചോലയില്‍ ഒരു ലാന്റ് ട്രെബ്യൂണല്‍ പട്ടയവും   നല്കുന്നു.

കരിമണ്ണൂര്‍ എല്‍.എ ഓഫീസ് പരിധിയിലെ വിവിധ പ്രദേശങ്ങളിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്‍പ്പെടെ  ഉള്ള കര്‍ഷകര്‍ക്കും

മൂന്നു തലമുറകളായി അന്യമായിരുന്ന സ്വന്തം മണ്ണിന്റെ ഉടമസ്ഥാവകാശമായ ആധികാരിക രേഖ ലഭിക്കുമെന്നു ജില്ലാ കളക്ടര്‍ പറഞ്ഞു.  

1950 കളില്‍ ഗ്രോ മോര്‍ ഫുഡ്  പദ്ധതിയുടെ ഭാഗമായി   ജില്ലയില്‍ എത്തിപ്പെട്ട കുടിയേറ്റ കര്‍ഷകര്‍ക്കായി 1964ലെ ഭൂമി പതിവ് ചട്ടപ്രകാരവും പിന്നീടുണ്ടായ 1993 ലെ വനഭൂമി കുടിയേറ്റ ക്രമീകരണ നയങ്ങള്‍ പ്രകാരവും പട്ടയം നല്കിയിരുന്നു.

1993 ലെ നിയമപ്രകാരം വനം വകുപ്പും റവന്യു വകുപ്പും സംയുക്തമായി തയ്യാറാക്കിയ ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയ തൊടുപുഴ താലൂക്കിലെ വനമേഖലയോട് ചേര്‍ന്നതും ജണ്ടയ്ക്ക് പുറത്തുള്ളതുമായ കുടുംബങ്ങള്‍ക്ക് നിയമ ഭേദഗതി വരുത്തി റവന്യുഭൂമിയായി കൈമാറ്റപ്പെട്ട മുഴുവന്‍ ഭൂമിയ്ക്കും പട്ടയം നല്കാന്‍ തീരുമാനമായിട്ടുണ്ടെന്നു കളക്ടര്‍ അറിയിച്ചു.

ആദിവാസി സെറ്റില്‍മെന്റുകളിലെ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കും ജനറല്‍ വിഭാഗങ്ങള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.

മുന്‍പ് വിവിധ കാരണങ്ങളാല്‍ പട്ടയം ലഭിക്കാന്‍ തടസം നേരിട്ട കരിമണ്ണൂര്‍ വില്ലേജിലെ  വിവിധ പ്രദേശങ്ങളില്‍ ഉള്‍പ്പെട്ടിരുന്ന പട്ടികജാതി,  പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ കുടുംബങ്ങള്‍ക്കും ഇതോടെ  പട്ടയമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുകയാണ്.

പെരിങ്ങാശ്ശേരി, മൂലക്കാട്, ഉപ്പുകുന്ന്, ആള്‍ക്കല്ല്, വെള്ളിയാനി, കട്ടിക്കയം തുടങ്ങിയ മേഖലകള്‍ സംയുക്ത പട്ടയ ലിസ്റ്റില്‍ നിന്നും അക്കാലത്ത് ഒഴിവായി പോയി. ആ പ്രദേശങ്ങളില്‍ കുടിയേറിയ പൊതു വിഭാഗത്തിനും പട്ടയം ലഭിച്ചില്ല.

തുടര്‍ന്ന് ഇവര്‍ നല്കിയ അപേക്ഷകളില്‍ മേല്‍  ഈ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചതിന്റെ ഫലമായിട്ടാണ് കരിമണ്ണൂര്‍ എല്‍.എ ഓഫീസ് പരിധിയില്‍ പെട്ടവര്‍ക്ക് പട്ടയം വിതരണം ചെയ്യുന്നത്.

ഈ മേഖലകളില്‍ അധിവസിക്കുന്ന പട്ടികജാതിപട്ടികവര്‍ഗ്ഗക്കാര്‍ ഉള്‍പ്പെടെയുള്ള കൈവശക്കാര്‍ക്ക് 1964 ലെ ഭൂപതിവ് ചട്ടങ്ങളിലെ വ്യവസ്ഥകള്‍ പ്രകാരം ഭൂമി പതിച്ചു നല്കുവാന്‍ ഉത്തരവ് നല്കി.    കരിമണ്ണൂര്‍ ഭൂപതിവ് ഓഫീസ് പരിധിയിലെ വണ്ണപ്പുറം, ഉടുമ്പന്നൂര്‍, വെള്ളിയാമറ്റം, നെയ്യശേരി, അറക്കുളം വില്ലേജ് പരിധിയില്‍ വരുന്ന 15000 ഓളം കുടുംബങ്ങള്‍ക്ക് ഈ ഉത്തരവിന്റെ  പ്രയോജനം ലഭിക്കും. റവന്യു  വനം വകുപ്പ് സംയുക്ത ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയ കഞ്ഞിക്കുഴി, ഇടുക്കി, വാഴത്തോപ്പ്  പ്രദേശങ്ങളിലെ 8500 ഓളം കുടിയേറ്റ കര്‍ഷകര്‍ക്കും  പട്ടയം നല്കുന്നതിനുള്ള നടപടികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തീകരിച്ചു വരുന്നു. കുറ്റിയാര്‍വാലി പദ്ധതി പ്രദേശത്തെ 2300 കുടുംബങ്ങള്‍ക്ക് അഞ്ച് സെന്റു വീതവും 770 കുടുംബങ്ങള്‍ക്ക് 10 സെന്റ് വീതവും അനുവദിച്ച് പട്ടയഭൂമി കൈവശക്കാര്‍ക്ക് കൈമാറി നല്‍കുന്ന നടപടികളും പൂര്‍ത്തിയായി.  ഈ നടപടികളുടെ ആദ്യ ഘട്ടമാണ് അഞ്ചാമത് പട്ടയമേളയില്‍ ഉദ്ഘാടനം ചെയ്യപ്പെടുന്നത്.

നെടുങ്കണ്ടം ഭൂമി പതിവ് ഓഫീസ് പരിധിയില്‍ കുത്തുങ്കല്‍ പദ്ധതി പ്രദേശം ഉള്‍പ്പെടെയുള്ള മേഖലകളില്‍ പട്ടയം ലഭിക്കും.

കട്ടപ്പന ഭൂപതിവ് ഓഫീസ് പരിധിയിലുള്‍പ്പെട്ട കട്ടപ്പന, ഇരട്ടയാര്‍, അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍ വില്ലേജുകളിലായാണ് 258 പട്ടയം നല്കുന്നത്. ഇരട്ടയാറില്‍ ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശത്തും അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍ മേഖലകളില്‍ പത്തു ചെയിനിലുള്‍പ്പെട്ട ഏഴു ചെയിന്‍ പ്രദേശത്തുമാണ് പട്ടയം നല്കുന്നത്. രാജകുമാരി എല്‍.എ ഓഫീസ് പരിധിയില്‍ രാജകുമാരി, രാജാക്കാട് വില്ലേജുകള്‍, ബൈസണ്‍വാലി, കാന്തിപ്പാറ വില്ലേജുകളിലെ ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശങ്ങളിലുള്‍പ്പെടെയാണ് പട്ടയം ലഭ്യമാക്കുന്നത്.

ദീര്‍ഘനാളത്തെ കാത്തിരിപ്പിനൊടുവില്‍ തങ്ങളുടെ ഭൂമിയുടെ അവകാശ രേഖ കൈകളിലെത്തുന്ന സന്തോഷത്തിലാണ് ഈ കര്‍ഷക ജനത.  ഈ സര്‍ക്കാരിന്റെ കാലത്ത് ഇതുവരെ 28560 പട്ടയങ്ങള്‍ ജില്ലയില്‍ വിതരണം ചെയ്തിട്ടുണ്ട്.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്ന ഉദ്ഘാടന യോഗത്തിന് പി.ജെ.ജോസഫ് എം.എല്‍.എ സ്വാഗതം പറയും. അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ കളക്ടര്‍ എച്ച്.ദിനേശന്‍  റിപ്പോര്‍ട്ട് അവതരിപ്പിക്കും. എം എല്‍ എ മാരായ ഇ.എസ്.ബിജിമോള്‍ , എസ്.രാജേന്ദ്രന്‍, റോഷി അഗസ്റ്റിന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്, തൊടുപുഴ നഗരസഭ ചെയര്‍പേഴ്‌സണ്‍ സിസിലി ജോസ്, എ.ഡി.എം ആന്റണി സ്‌കറിയ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.കെ.ജയചന്ദ്രന്‍ ,  കെ.കെ.ശിവരാമന്‍, ഇബ്രാഹിംകുട്ടി കല്ലാര്‍ , എം.എസ്. മുഹമ്മദ്, കെ.എസ്. അജി, ജോസ് പാലത്തിനാല്‍, എം.കെ.ജോസഫ്, അനില്‍ കൂവപ്ലാക്കല്‍, മാര്‍ട്ടിന്‍ മാണി, പി.കെ. ജയന്‍, ഡോ.രാജഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7750/Pattayam-distribution.html

Share
അഭിപ്രായം എഴുതാം