തമിഴ്‌ സിനിമാ താരം വടിവേല്‍ ബാലാജി അന്തരിച്ചു

ചെന്നൈ: ഹൃദയാഘാതത്തെ തുടര്‍ന്ന്‌ തമിഴ്‌ ഹാസ്യനടന്‍ വടിവേല്‍ ബാലാജി (45) അന്തരിച്ചു. ഏതാനും ദിവസങ്ങള്‍ക്ക്‌ മുമ്പാണ്‌ അദ്ദേഹത്തെ ചെന്നൈയിലെ ഒരു സ്വകാര്യശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്‌. 2020 സെപ്‌തംബര്‍ 10ന്‌ രാവിലെയാണ്‌ മരണം സംഭവിച്ചത്‌.

അതുഇതുഏതു, കലകപോവതുയാരു തുടങ്ങിയ ടിവി ഷോകളിലൂടെയാണ്‌ വടിവേല്‍ പ്രശസ്‌തനായത്‌. തമിഴ്‌ താരം വടിവേലുവിനെ ഏറെ രസകരമായി അവതരിപ്പിക്കുന്നതിനാലാണ്‌ വടിവേല്‍ ബാലാജി എന്ന പേര്‌ ലഭിച്ചത്‌. ബാലാജിയുടെ ടെലിവിഷന്‍ ഷോകളും ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. വടിവേലുവിനെ അവതരിപ്പിക്കുന്നതില്‍ സാക്ഷാല്‍ വടിവേലുതന്നെ ബാലാജിയെ അഭിനന്ദിച്ചിട്ടുണ്ട്‌.

എന്‍ രാസാവിന്‍ മനസിലെ എന്ന സിനിമയിലൂടെ 1991ല്‍ ആണ്‌ അദ്ദേഹം സിനിമാഭിനയം തുടങ്ങിയത്‌. നയന്‍താരയും, യോഗി ബാബുവും മുഖ്യ കഥാപാത്രമായ കൊലമാവ്‌ കോകിലയാണ്‌ അവസാനമായി അഭിനയിച്ച ചിത്രം.

കഴിഞ്ഞ 15 ദിവസമായി ആശുത്രിയായിരുന്നു. ലോക്ക്‌ഡൗണ്‍ കാലമായതോടെ സിനിമകള്‍ കുറവായിരുന്നതിനാല്‍ സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു. ഹൃദയാഘാതം ഉണ്ടായപ്പോള്‍ സ്വാകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും പിന്നീട്‌ സര്‍ക്കാര്‍ ആശുപത്രിയിലേക്ക്‌ മാറ്റി. ഭാര്യയും രണ്ട്‌ മക്കളും അടങ്ങുന്നതാണ്‌ അദ്ദേഹത്തിന്‍റെ കുടുംബം.

Share
അഭിപ്രായം എഴുതാം