അഴിമതി കേസില്‍ നവാസ് ഷെരീഫ് പിടികിട്ടാപ്പുള്ളി: സര്‍ദാരിയും ഗില്ലാനിയും കുറ്റക്കാരെന്നും പാക് കോടതി

ഇസ്ലാമാബാദ്: അഴിമതി കേസില്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് പാകിസ്ഥാന്‍ അഴിമതി വിരുദ്ധ കോടതി. കേസില്‍ മുന്‍ രാഷ്ട്രപതി ആസിഫ് അലി സര്‍ദാരിയും മുന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗില്ലാനിയും കുറ്റക്കാരണെന്നും കോടതി വ്യക്തമാക്കി.തോഷഖാന അഴിമതി കേസിലാണ് ശെരീഫിനെ പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ചത്.കേസില്‍ വാദം കേട്ട ജഡ്ജി അസ്ഗര്‍ അലി, ചികിത്സയ്ക്കായി ലണ്ടനിലുള്ള ഷെരീഫിന്റെ സ്ഥാവര സ്വത്തുക്കളുടെ വിശദാംശങ്ങളും തേടി. കേസിലെ പ്രതികളായ എല്ലാ നേതാക്കളെയും ഏഴു ദിവസത്തിനകം കോടതിയില്‍ ഹാജരാക്കാനും ആവശ്യപ്പെട്ടു.

ഗിലാനി സര്‍ക്കാര്‍ ഷെരിഫിനും സര്‍ദാരിയ്ക്കും വിദേശ രാജ്യങ്ങളില്‍ നിന്ന് സമ്മാനമായി ലഭിച്ച കാറുകള്‍ സ്വീകരിക്കുന്നതിനായി ചട്ടങ്ങളില്‍ ഇളവ് വരുത്തിയെന്നും ഇത് വഴി സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടാക്കിയെന്നുമാണ് തോഷഖാന കേസ്. അതേസമയം,സര്‍ക്കാരിന്റെ പ്രത്യേക അനുമതി വാങ്ങി നവാസ് ഷരീഫ് നിലവില്‍ ചികിത്സയ്ക്കായി ലണ്ടനിലാണ്. ഡിസംബര്‍ മാസം അവസാനത്തോടെ ഈ സമയപരിധി അവസാനിച്ചിരുന്നു. രാജ്യം വിട്ട് പുറത്ത് പോവരുതെന്ന ഡോക്ടറുടെ നിര്‍ദേശം രേഖാ മൂലം നവാസ് ഷെരീഫ് ലാഹോര്‍ ഹൈക്കോടതിയെ അറിയിച്ചെങ്കിലും ലണ്ടനിലെ തെരുവുകളില്‍ മകന്‍ ഹസന്‍ ഒപ്പം നടക്കുന്ന നവാസിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ രാജ്യത്ത് പ്രതിഷേധം ഉയര്‍ന്നിരുന്നു

Share
അഭിപ്രായം എഴുതാം