റിയ ചക്രവർത്തിയുടെയും സഹോദരന്റെയും ജാമ്യാപേക്ഷ മുംബൈ സെഷൻസ് കോടതി തള്ളി

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിൻ്റെ മരണവുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നടി റിയ ചക്രവർത്തിയും സഹോദരൻ ഷോയിക് ചക്രവർത്തിയും സമർപ്പിച്ച ജാമ്യാപേക്ഷ മുംബൈ സെഷൻസ് കോടതി തള്ളി. ജസ്റ്റിസ് ജി.ബി. ഗുരാവോ ആണ് വാദം കേട്ട ശേഷം ജാമ്യാപേക്ഷ തള്ളിയത്.

നാർക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ മുംബൈയിൽ ഓഫീസിൽ വിളിച്ചുവരുത്തി തന്നെ ചോദ്യം ചെയ്യുമ്പോൾ ഒരു വനിതാ ഉദ്യോഗസ്ഥ പോലും ഉണ്ടായിരുന്നില്ല എന്ന് ജാമ്യാപേക്ഷയിൽ നടി ആരോപിച്ചിരുന്നു. ഒന്നിലേറെ പുരുഷ ഉദ്യോഗസ്ഥരാണ് തന്നെ ചോദ്യം ചെയ്തത്. വനിതകളെ ചോദ്യം ചെയ്യുമ്പോൾ വനിതാ ഉദ്യോഗസ്ഥർ ഉണ്ടായിരിക്കണമെന്ന് സുപ്രീംകോടതിയുടെ ഉത്തരവുള്ളതാണ്. ഇത് എൻ സി ബി ലംഘിച്ചതായും, ചോദ്യം ചെയ്യലിനിടെ കുറ്റം സമ്മതിക്കാൻ പലതവണ നിർബന്ധിച്ചതായും നടിയുടെ അഭിഭാഷകൻ ആരോപിച്ചിരുന്നു.

നടിയെ സെപ്റ്റംബർ 22 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. സെപ്റ്റംബർ 6, 7 ,8 തീയതികളിൽ ആണ് മുംബൈയിലെ ഓഫീസിൽ വിളിച്ചുവരുത്തി നടിയെ എൻ.സി.ബി ചോദ്യം ചെയ്തത്.

കാമുകനായ സുശാന്തിന് ഉപയോഗിക്കാൻ മയക്കുമരുന്ന് എത്തിച്ചു നൽകിയത് റിയാ ചക്രവർത്തി ആണെന്നും ഇതിനായുള്ള പണമിടപാടുകൾ റിയയാണ് നടത്തിയതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. റിയ ചക്രവർത്തി
ഒരു മയക്കുമരുന്ന് ശൃംഖലയുടെ ഭാഗമാണെന്നും എൻ.സി.ബി ആരോപിക്കുന്നു.

റിയയുടെ പേരിൽ ആരോപിക്കപ്പെട്ട കുറ്റങ്ങൾ ജാമ്യം ലഭിക്കാവുന്നവ മാത്രമാണെന്നും റിയയെ ബോധപൂർവ്വം കേസിൽ കുടുക്കാൻ ശ്രമം നടക്കുകയാണെന്നും റിയയുടെ ജീവന് ഭീഷണിയുണ്ടെന്നും ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു.

Share
അഭിപ്രായം എഴുതാം