കര്‍ഷകരെ സംരക്ഷിച്ചുകൊണ്ടുള്ള വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി കെ. രാജു

തിരുവനന്തപുരം: കര്‍ഷകര്‍ക്ക് വേണ്ട സഹായം നല്‍കി അവരെ സംരക്ഷിക്കുന്ന നയമാണ് സര്‍ക്കാരിന്റേതെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി കെ രാജു. പരശുവയ്ക്കലില്‍ പ്രവര്‍ത്തിക്കുന്ന ആടുവളര്‍ത്തല്‍ കേന്ദ്രം മികവിന്റെ കേന്ദ്രമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 4.10 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ നാലുവര്‍ഷക്കാലം നിരവധി പദ്ധതികളാണ് കര്‍ഷകരെ സഹായിക്കുന്നതിനായി സര്‍ക്കാര്‍ നടപ്പാക്കിയതെന്നും ഇവയില്‍ ഭൂരിഭാഗവും വിജയം കണ്ടതായും അദ്ദേഹം പറഞ്ഞു.

ആടുവളര്‍ത്തല്‍ കേന്ദ്രത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതോടെ ആയിരം ആടുകളെ വളര്‍ത്താനും ആട്ടിന്‍കുട്ടികളെ സബ്‌സിഡി നിരക്കില്‍ കര്‍ഷകര്‍ക്ക് നല്‍കാനും സാധിക്കും. ഒപ്പം മലബാറി ആടുകളെ പരിപാലിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ കേന്ദ്രമായും പരശുവയ്ക്കല്‍ മാറും. മലബാറി ആടുകളുടെ ഗവേഷണം, കര്‍ഷകര്‍ക്ക് പരിശീലനം, തീറ്റപ്പുല്‍ കൃഷി എന്നിവയും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.

സി. കെ. ഹരീന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ തിരുവനന്തപുരം ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഇ. ജി. പ്രേം ജെയിന്‍ സ്വാഗതം പറഞ്ഞു. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. സി. മധു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തിയ ചടങ്ങില്‍ പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ആര്‍. സലൂജ, പാറശ്ശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേഷ്, ജില്ലാ പഞ്ചായത്ത് അംഗം എസ്. കെ. ബെന്‍ ഡാര്‍വിന്‍ മറ്റ് ജനപ്രതിനിധികള്‍, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7764/Goat-farming.html

Share
അഭിപ്രായം എഴുതാം