തിരുവനന്തപുരം: ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് (സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള അനുകൂല സാഹചര്യം) റാങ്കിങ്ങ് കണക്കാക്കുന്നതിലെ അശാസ്ത്രീയത പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരളം കേന്ദ്രത്തിനു കത്തെഴുതി. ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് ( ഡി പി ഐ ഐ ടി) ബിസിനസ് റിഫോം ആക്ഷന്‍ പ്ലാന്‍ 2019 ന്റെ ഭാഗമായി പുറത്തിറക്കിയ 2018-19 സാമ്പത്തിക വര്‍ഷത്തെ റാങ്കിംഗ് പട്ടിക പുനഃപ്പരിശോധിക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു.
കേന്ദ്ര ധനമന്ത്രാലയം സെപ്റ്റംബര്‍ അഞ്ചിനു പുറത്തിറക്കിയ റാങ്കിങ്ങില്‍ സംസ്ഥാനത്തിന്റെ റാങ്ക് 28 ആണ്. കഴിഞ്ഞവര്‍ഷം 21 ആയിരുന്നു. കേരളം ഏറെ നിക്ഷേപസൗഹൃദമായ സാഹചര്യത്തിലുള്ള ഇത്തരമൊരു കണക്ക് വസ്തുതാവിരുദ്ധമാണ്. പോയിന്റുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ ഗ്രൂപ്പുകളായി തിരിക്കുമെന്ന തീരുമാനത്തില്‍നിന്നു മാറി മുന്‍വര്‍ഷങ്ങളിലെ റാങ്കിങ്ങ് സംവിധാനം തുടര്‍ന്ന ഡിപിഐഐടി നടപടി ആശ്ചര്യപ്പെടുത്തുന്നതാണ്. ഡിപിഐഐടി പുറപ്പെടുവിച്ച മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ കേരളം 187 പരിഷ്‌ക്കരണങ്ങളില്‍ 157 ഉം നടപ്പാക്കി. അതിന്റെ അടിസ്ഥാനത്തില്‍ 85 ശതമാനം പോയിന്റിന് അര്‍ഹതയുള്ള സംസ്ഥാനത്തെ ‘ഫാസ്റ്റ് മൂവര്‍’ വിഭാഗത്തിലായിരുന്നു ഉള്‍പ്പെടുത്തേണ്ടിയിരുന്നത്. ഒരു പരിഷ്‌ക്കാരവും നടപ്പാക്കാത്ത ചില കേന്ദ്ര ഭരണപ്രദേശങ്ങള്‍ റാങ്കിങ്ങില്‍ ഏറെ മുന്നിലാണ്.
ദ കേരള ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍ ആക്റ്റ് 2018, ദ കേരള മൈക്രോ സ്‌മോള്‍ മീഡിയം എന്റര്‍പ്രൈസസ് ഫെസിലിറ്റേഷന്‍ ആക്റ്റ് 2019 എന്നിവ അടക്കം വ്യവസായ വികസനം ഊര്‍ജ്ജിതമാക്കാന്‍ സംസ്ഥാനം സ്വീകരിച്ച നടപടികള്‍ കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. എംഎസ്എംഇ സംരംഭം തുടങ്ങാന്‍ മുന്‍കൂര്‍ അനുമതി വേണമെന്നെ വ്യവസ്ഥ കൊണ്ടുവന്നതാണ് 2019 ലെ ആക്റ്റ്. ഈ നിയമം നിലവില്‍ വന്ന് ഏഴ് മാസത്തിനകം ഇതുപ്രകാരം 3559 സംരംഭങ്ങള്‍ പ്രവര്‍ത്തനം തുടങ്ങി. എം എസ് എം ഇ മേഖലയിലാകെ കഴിഞ്ഞ നാലു വര്‍ഷത്തിനിടെ വന്‍കുതിപ്പാണുണ്ടായത്. 2016 നു ശേഷം 52137 എം എസ് എം ഇ യൂണിറ്റുകള്‍ തുടങ്ങി. സംസ്ഥാനത്ത് നിലവിലുള്ള എം എസ് എം ഇകളുടെ 40 ശതമാനം വരുമിത്. ഇതുവഴി 5000 കോടിയോളം നിക്ഷേപവും ഒരു ലക്ഷത്തിലധികം തൊഴിലും സൃഷ്ടിക്കപ്പെട്ടു. കഴിഞ്ഞ 18 മാസത്തിനിടെ 3600 കോടി മുതല്‍മുടക്കുള്ള 29 വന്‍കിട നിക്ഷേപങ്ങളും ഉണ്ടായി. അസന്‍ഡ് എന്ന പേരില്‍ സംസ്ഥാനം എല്ലാ വര്‍ഷവും നടത്തുന്ന ആഗോള നിക്ഷേപക സംഗമം വന്‍വിജയമാണ്. അസന്‍ഡ് 2020 ല്‍ 2700 പ്രതിനിധികള്‍ പങ്കെടുത്തു. 1,00,365 കോടി രൂപയുടെ നിക്ഷേപങ്ങള്‍ക്കുള്ള ധാരണാപത്രങ്ങള്‍ ഒപ്പിട്ടതായും കത്തിലുണ്ട്.
ഈ വസ്തുതകള്‍ കണക്കിലെടുക്കുമ്പോള്‍, റാങ്കിങ്ങ് സുതാര്യവും വിശ്വാസ്യത ഇല്ലാത്തതുമാണെന്ന് തെളിയും. ഇത്തരം റാങ്കിങ്ങുകള്‍ നിക്ഷേപകരില്‍ വലിയ ആശങ്ക സൃഷ്ടിക്കും. നിക്ഷേപസൗഹൃദമായ കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് വലിയതിരിച്ചടിയാകും. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിങ്ങിന്റെ വിശ്വാസ്യത നിലനിര്‍ത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7745/Ease-of-Doing-Business-Ranking.html