ആത്മഹത്യ പ്രതിരോധിക്കാൻ സമൂഹത്തിന്റെ കരുതൽ വേണമെന്ന് വെബിനാർ

കണ്ണൂര്‍: വര്‍ധിച്ചു വരുന്ന ആത്മഹത്യ പ്രതിരോധിക്കുന്നതിന് സമൂഹത്തിന്റെ കരുതൽ വേണമെന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വെബിനാർ. കണ്ണൂരിലെ കേന്ദ്ര ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോ തലശേരി ബ്രണ്ണൻ കോളജ് എൻ എസ് എസ് , എൻ സി സി യൂണിറ്റുകളുമായി ചേർന്നാണ് വെബിനാർ സംഘടിപ്പിച്ചത്.

രാജ്യത്ത് ചെറുപ്പക്കാരിൽ ആത്മഹത്യാ പ്രവണത വർധിച്ചു വരുന്നതായി വെബിനാറിൽ മുഖ്യ പ്രഭാഷണം നടത്തിയ കണ്ണൂർ മാനസികാരോഗ്യ പദ്ധതി നോഡൽ ഓഫീസർ ഡോ. വാനതി സുബ്രഹ്മണ്യം പറഞ്ഞു.

ലോകമാസകലം 8 ലക്ഷത്തോളം പേർ പ്രതിവർഷം ആത്മഹത്യ ചെയ്യുന്നതായാണ് കണക്ക്. വീടുകളിലെ സമ്മർദ്ദവും അമിത പ്രതീക്ഷകളും കുട്ടികളുടെ ആത്മഹത്യാ നിരക്ക് കൂടാൻ ഇടയാക്കുന്നുണ്ട്. സമൂഹത്തിൽ വർധിച്ചു വരുന്ന വിഷാദരോഗം ഫലപ്രദമായ രീതിയിൽ കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും ഡോ.വാനതി പറഞ്ഞു.

കണ്ണൂർ ജില്ലാ ഫീൽഡ് പബ്ലിസിറ്റി ഓഫീസർ ബിജു മാത്യു, ബ്രണ്ണൻ കോളജ് പ്രിൻസിപ്പൽ ഡോ. ജിസ ജോസ് എന്നിവർ പ്രസംഗിച്ചു. ആഗോളതലത്തിൽ ആത്മഹത്യ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് സെപ്തംബർ 10 ലോക ആത്മഹത്യാ പ്രതിരോധ ദിനമായി ലോകാരോഗ്യ സംഘടന ആചരിക്കുന്നത്.

Share
അഭിപ്രായം എഴുതാം