ഓക്സ്ഫോർഡിന്റെ കൊറോണ വാക്‌സിൻ പരീക്ഷണം പൂന സിറം ഇന്‍സ്റ്റിറ്റ്യൂട്ട് താത്ക്കാലികമായി നിര്‍ത്തി വെച്ചു.

ന്യൂഡല്‍ഹി: ഓക്സ്ഫോർഡ് വാക്സിന്റെ പരീക്ഷണം ഇന്ത്യയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർത്തിവെച്ചു. 10-09-2020, വ്യാഴാഴ്ച ഡ്രഗ് കൺട്രോൾ ജനറൽ നിർദ്ദേശിച്ചത് അനുസരിച്ചാണ് സീറം ഇൻസ്റ്റിറ്റ്യൂട്ട് ഈ തീരുമാനമെടുത്തത്. വാക്സിന്റെ മൂന്നാമത്തെ പരീക്ഷണഘട്ടത്തിൽ ഒരു വ്യക്തിക്ക് അസാധാരണ രോഗം പിടിപെട്ടു എന്ന കാരണത്താൽ മറ്റുരാജ്യങ്ങളിൽ പരീക്ഷണം നിർത്തിവെച്ചിരുന്നു. ഈ കാര്യം തങ്ങളെ അറിയിക്കാതെയാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് പരീക്ഷണം തുടർന്നത് എന്ന കാരണത്താലാണ് ഡ്രഗ് കൺട്രോൾ ജനറൽ കഴിഞ്ഞദിവസം നോട്ടീസ് അയച്ചത്.

ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നത് വരെയാണ് വാക്‌സിന്‍ പരീക്ഷണങ്ങള്‍ നിര്‍ത്തി വെയ്ക്കുക.
സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ കഴിഞ്ഞ ദിവസം കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു.

മറ്റു രാജ്യങ്ങൾ കോവിഡ് വാക്സിൻ പരീക്ഷണം നിര്‍ത്തിയ കാര്യം എന്തുകൊണ്ട് അറിയിച്ചില്ല എന്നും മരുന്നിന്റെ പാര്‍ശ്വ ഫലങ്ങളെക്കുറിച്ച്‌ മുന്നറിയിപ്പു നല്‍കിയില്ല എന്നുമുള്ള ചോദ്യങ്ങൾ നോട്ടീസില്‍ ഉന്നയിച്ചു..

തുടര്‍ന്ന് പരീക്ഷണങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചത്.

ഔഷധനിര്‍മാണ കമ്പനിയായ ആസ്ട്രാസെനെക്കയും സര്‍വകലാശാലക്കൊപ്പം പരീക്ഷണത്തില്‍ കൈകോര്‍ക്കുന്നുണ്ട്. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയിലെ 17 നഗരങ്ങളിലാണ് കോവിഡ് വാക്സിനായുള്ള ക്ലിനിക്കല്‍ ട്രയല്‍ നടത്തിവന്നിരുന്നത്.

ബ്രിട്ടനില്‍ നടത്തിയ ആദ്യ രണ്ട് ഘട്ടം പരീക്ഷണങ്ങളുടെ ഫലവും ആശാവഹമായിരുന്നു. അടുത്തവര്‍ഷം ജനുവരിയോടെ ഓക്സ്ഫോർഡ് വാക്സിന്‍ ലഭ്യമാകും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. മനുഷ്യരിൽ നടത്തുന്ന അവസാനഘട്ട പരീക്ഷണത്തിൽ എത്തിയ ആറ് വാക്സിനില്‍ ഒന്നായിരുന്നു ഈ വാക്സിൻ.

Share
അഭിപ്രായം എഴുതാം