ന്യൂഡല്‍ഹി: ഇന്ത്യയിലെ സിംഗപ്പൂരിന്റെ പുതിയ ഹൈക്കമ്മിഷണര്‍ ശ്രീ. സൈമണ്‍ വോങ് വി ക്വിന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി സമര്‍പ്പിച്ച സ്ഥാനപതി നിയമന പത്രം രാഷ്ട്രപതി രാം നാഥ് കോവിന്ദ് സ്വീകരിച്ചു. തദവസരത്തില്‍ സംസാരിക്കവെ, രാഷ്ട്രപതി പുതിയ സ്ഥാനലബ്ധിയില്‍ ഹൈക്കമ്മീഷണറെ അനുമോദിക്കുകയും അദ്ദേഹത്തിന് ഊഷ്മളമായ ആശംസകള്‍ നേരുകയും ചെയ്തു. ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ ആഴപ്പെട്ടതായി ചൂണ്ടിക്കാട്ടിയ രാഷ്ട്രപതി, അടുത്തകാലത്ത് പൊതു തെരഞ്ഞെടുപ്പ് വിജയകരമായി നടത്തിയ സിംഗപ്പൂര്‍ ഗവണ്‍മെന്റിനെ അഭിനന്ദിക്കുകയും ചെയ്തു. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതി ഉള്‍പ്പെടെയുള്ള വിവിധ അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയ്ക്ക് സിംഗപ്പൂര്‍ നല്കിവരുന്ന ശക്തമായ പിന്തുണയെ രാഷ്ട്രപതി നന്ദിയോടെ സ്മരിച്ചു. കോവിഡ് 19 മഹാമാരിയുടെ കാലത്ത് ഇരു രാജ്യങ്ങളും തമ്മില്‍ ഉണ്ടായ പരസ്പര സഹകരണം വഴി നിലവിലുള്ള സൗഹൃദവും വിശ്വസ്യതയും കൂടുതല്‍ ശക്തമായതായും രാഷ്ട്രപതി അഭിപ്രായപ്പെടുകയുണ്ടായി.
പുതിയ സിംഗപ്പൂര്‍ സ്ഥാനപതി വീഡിയോ കോണ്‍ഫറന്‍സിലൂടെ നിയമനപത്രം സമര്‍പ്പിച്ചു
