പെണ്‍കുട്ടി ഭയപ്പെട്ട് നിലവിളിച്ചു. ഉപദ്രവിക്കുന്നതിനിടയില്‍ മുട്ടിടിച്ചു നിലത്തു വീണു. ആംബുലന്‍സില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പരിക്കുകള്‍ ഗുരുതരമെന്ന് പോലീസ്.

പത്തനംതിട്ട: ആസൂത്രിത നീക്കം നടത്തിയാണ് ആംബുലന്‍സ് ഡ്രൈവര്‍ നൗഫല്‍ കോവിഡ് പോസിറ്റീവായ പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ്. സ്വകാര്യ ഭാഗങ്ങളിലെ ക്ഷതങ്ങൾ അടക്കം പെണ്‍കുട്ടിയുടെ പരിക്കുകള്‍ ഗുരുതരമാണെന്നും പൊലീസ് പറയുന്നു. പിടിവലിയില്‍ പെണ്‍കുട്ടി മുട്ടിടിച്ചു വീണു. ശാരീരികമായും മാനസികമായും പെൺകുട്ടി അവശയായതിനാൽ മൊഴി നല്‍കാവുന്ന സ്ഥിതിയിലല്ലെന്നും പൊലീസ് അറിയിച്ചു.

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതിനും നൗഫലിനെതിരെ കേസെടുത്തിട്ടുണ്ട്. അടൂരില്‍ നിന്ന് ആംബുലന്‍സില്‍ കയറ്റിയ പെണ്‍കുട്ടിയെ അടുത്തുള്ള പന്തളം അര്‍ച്ചന ഫസ്റ്റ് ലൈന്‍ പരിശോധനാ കേന്ദ്രത്തില്‍ ഇറക്കാതെ കോഴഞ്ചേരിക്ക് കൊണ്ടു പോയതാണ് തട്ടിക്കൊണ്ടു പോകലിന്റെ പരിധിയില്‍ വരുന്നത്.

യാത്രയിലുടനീളം പെണ്‍കുട്ടിയുമായി ലൈംഗിക ചുവയോടെ പ്രതി സംസാരിച്ചു.
കോഴഞ്ചേരിയിലേക്ക് വേഗത്തില്‍ ഓടിച്ച ആംബുലന്‍സ് പന്തളത്തേക്ക് മടങ്ങുമ്പോള്‍ വേഗം കുറച്ചാണ് സഞ്ചരിച്ചത്. വിമാനത്താവളത്തിനായി നേരത്തെ എടുത്ത സ്ഥലത്തേക്ക് ആംബുലന്‍സ് ഓടിച്ചു കയറ്റിയ ശേഷം പ്രതി പുറത്തിറങ്ങി, പിന്‍വശത്തെ വാതില്‍ തുറന്ന് പെണ്‍കുട്ടിയുടെ അടുത്തേക്ക് എത്തി. പിന്നിലെ ഡോറിലൂടെ ഉള്ളില്‍ കടന്ന പ്രതി അകത്ത് നിന്ന് വാതില്‍ കുറ്റിയിട്ടു. ഇത് കണ്ടതോടെ പെണ്‍കുട്ടി ഭയപ്പെട്ട് നിലവിളിച്ചു. ഉപദ്രവിക്കുന്നതിനിടയില്‍ നടന്ന പിടിവലിയിലാണ് പെണ്‍കുട്ടി മുട്ടിടിച്ചു നിലത്തു വീണത് എന്നും പോലീസ് വ്യക്തമാക്കി.

ആംബുലന്‍സിന്റെ ഗ്ലോബല്‍ പൊസിഷന്‍ സംവിധാനം (ജിപിഎസ്) പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് മോട്ടര്‍ വാഹന വകുപ്പിന്റെ വാദം പൊലീസ് തള്ളി. ജിപിഎസിലെ വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ശേഖരിച്ചതായി ജില്ലാ പൊലീസ് മേധാവി കെജി സൈമണ്‍ പറഞ്ഞു. എന്നാല്‍ ആംബുലന്‍സുകള്‍ക്ക് ജിപിഎസ് നിര്‍ബന്ധമില്ല. പെര്‍മിറ്റ് വാഹനത്തിനു മാത്രം മതിയെന്നാണ് നിയമമെന്നും പത്തനംതിട്ട ആര്‍ടിഒ ജിജി ജോര്‍ജ് പറഞ്ഞു. സംഭവം നടന്ന ആംബുലന്‍സ് മോട്ടര്‍ വാഹന വകുപ്പ് പരിശോധിച്ചിട്ടില്ലെന്നും പൊലീസ് ആവശ്യപ്പെട്ടാല്‍ വിശദ പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

108 ആംബുലന്‍സിന്റെ നടത്തിപ്പ് കമ്പനി പ്രതിനിധികള്‍ നൗഫലിന്റെ നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ പൊലീസിനു കൈമാറി. പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് പലവട്ടം ആവശ്യപ്പെട്ടിട്ടും നൗഫല്‍ ഹാജരാക്കിയില്ലെന്നാണ് കമ്പനിയുടെ വിശദീകരണം. ആംബുലന്‍സ് ഡ്രൈവര്‍ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നതും പരിശോധിക്കുന്നുണ്ട്.

Share
അഭിപ്രായം എഴുതാം