ഓൺലൈൻ ക്ലാസിന് സ്മാർട്ട്ഫോൺ ഇല്ലാത്തതിൻ്റെ പേരിൽ രാജ്യത്ത് വീണ്ടും ആത്മഹത്യ, ഇതുവരെ പൊലിഞ്ഞത് നിരവധി ജീവനുകൾ

കൊൽക്കട്ട: ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സ്മാർട്ട്ഫോൺ ഇല്ലാത്തതിൻ്റെ പേരിൽ പശ്ചിമബംഗാളിൽ ബിരുദ വിദ്യാർഥിനി ആത്മഹത്യ ചെയ്തു. ബംഗാളിലെ ജൽപായ്ഗുരിയിൽ ഇന്നലെയാണ് സംഭവം. ബിരുദ വിദ്യാർഥിനിയായ 20 കാരിയെയാണ് വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. പെൺകുട്ടിയുടെ പിതാവ് ഒരു കൂലിപ്പണിക്കാരനായിരുന്നു. സ്മാർട് ഫോൺ വാങ്ങാൻ സാധിക്കാത്തതിൽ മകൾ ഏറെ ദുഃഖിതയായിരുന്നതായി വിദ്യാർത്ഥിനിയുടെ പിതാവ് പറയുന്നു .

കോവിഡ് മൂലം നടത്തപ്പെടുന്ന ബദൽ വിദ്യാഭ്യാസ സമ്പ്രദായമായ ഓൺലൈൻ ക്ലാസുകളിൽ സംബന്ധിക്കാനുള്ള സ്മാർട്ട്ഫോണുകൾ ഇല്ലാത്തതിൻ്റെ പേരിൽ രാജ്യത്ത് ഇതുവരെ നിരവധി ആത്മഹത്യകളാണ് നടന്നത്. പശ്ചിമബംഗാളിലെ തന്നെ ഹൗറ ജില്ലയിൽ അധ്യയന വർഷാരംഭത്തിൽ തന്നെ ഒരു പത്താംക്ലാസുകാരി ആത്മഹത്യ ചെയ്തിരുന്നു. ഇതേ കാരണത്താൽ ജൂലൈ മാസം തുടക്കത്തിൽ ത്രിപുരയിലും ഒരു പതിനാലുകാരി ആത്മഹത്യ ചെയ്തു. മകൾക്ക് സ്മാർട്ട് ഫോൺ വാങ്ങി നൽകാൻ പണമില്ലാത്തതിനാൽ കൂലിപ്പണിക്കാരനായ 45 കാരൻ രണ്ടു മാസം മുൻപ് ത്രിപുരയിലെ രാജ്നഗറിലും ജീവനൊടുക്കിയിരുന്നു. കേരളത്തിലും ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്ത വിദ്യാർഥിനി അധ്യയന വർഷാരംഭത്തിൽ ആത്മഹത്യ ചെയ്തിരുന്നു.

രാജ്യത്ത് നിലനിൽക്കുന്ന വലിയ സാമ്പത്തിക അസമത്വത്തിലേക്കു കൂടി വിരൽചൂണ്ടുന്നുണ്ട് ഇത്തരം ആത്മഹത്യകൾ.

Share
അഭിപ്രായം എഴുതാം