എസ്.ഡി.പി.ഐ പ്രവര്‍ത്തകന്റെ കൊലപാതകം, മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി.

കണ്ണൂര്‍: കണ്ണവത്ത് എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരെയാണ് പിടികൂടിയതെന്ന് പോലീസ് വ്യക്തമാക്കി. എം.അമല്‍ രാജ്, പി.കെ പ്രബിന്‍, ആഷിക് ലാല്‍ എം എന്നിവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് മൂന്ന് പേരും പ്രതികളാണെന്ന തീരുമാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ എത്തിച്ചേര്‍ന്നത്.

കൊലയാളി സംഘത്തില്‍ 11 പേരുണ്ടായിരുന്നു എന്നാണ് പോലീസ് കരുതുന്നത്. അറസ്റ്റിലായവര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. അക്രമിസംഘം സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചിറ്റാരിപ്പറമ്പ് അമ്മാറമ്പ് കോളനിക്ക് സമീപത്തെ നമ്പൂരി കുന്നില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കാര്‍ കണ്ടെത്തിയത്. കേസില്‍ മറ്റു പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കൊല്ലപ്പെട്ട സലാഹുദ്ദീന്റെ മൃതദേഹം കണ്ണവം വെളുമ്പത്ത് പളളി ഖബര്‍സ്ഥാനില്‍ സംസ്‌കരിച്ചു. പോപ്പുലര്‍ ഫ്രണ്ട് ദേശീയ ചെയര്‍മാന്‍ ഒ.എം.എ സലാം, ദേശീയ സെക്രട്ടറി നാസിറുദ്ദീന്‍ എളമരം, സംസ്ഥാന പ്രസിഡണ്ട് സി.പി മുഹമ്മദ് ബഷീര്‍ തുടങ്ങി നൂറുകണക്കിന് നേതാക്കളും പ്രവര്‍ത്തകരും സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം