രാമക്ഷേത്ര നിര്‍മാണ ട്രസ്റ്റിന്റെ അക്കൗണ്ടില്‍ വന്‍ തട്ടിപ്പ്

ലഖ്നൌ: രാമക്ഷേത്ര നിര്‍മ്മാണ ട്രസ്റ്റിന്റെ അക്കൗണ്ടില്‍ വ്യാജ ചെക്ക് ഉപയോഗിച്ച് വന്‍ തട്ടിപ്പ്. ആറ് ലക്ഷം രൂപയുടെ തട്ടിപ്പാണ് നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ട്രസ്റ്റ് സെക്രട്ടറിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായിയാണ് ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയത്. വ്യാജ ചെക്ക് ഉപയോഗിച്ച് ആദ്യം 2.5 ലക്ഷം രൂപയും പിന്നീട് 3.5 ലക്ഷം രൂപയും തട്ടുകയായിരുന്നുവെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. രണ്ട് ചെക്കും ലഖ്നൗവിലെ ബാങ്കില്‍ നിന്നാണ് മാറിയിട്ടുള്ളത്. തട്ടിപ്പ് നടത്തിയവരെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് അയോധ്യ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ രാജേഷ് കുമാര്‍ പറഞ്ഞു. കേസ് സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്. ബാങ്കുകളില്‍ സമര്‍പ്പിക്കപ്പെട്ട വ്യാജ ചെക്കുകളുടെ അതേ സീരിയല്‍ നമ്പറിലുള്ള ചെക്കുകള്‍ തങ്ങളുടെ കൈവശമുണ്ടെന്ന് ക്ഷേത്രം നിര്‍മ്മാണ ട്രസ്റ്റ് അധികൃതര്‍ പറഞ്ഞു. ക്ഷേത്ര നിര്‍മ്മാണ ട്രസ്റ്റിന്റെ പേരിലുള്ള ഒമ്പത് ലക്ഷം രൂപയുടെ ചെക്ക് ക്ലിയറന്‍സിനായി എത്തിയപ്പോള്‍ ബാങ്ക് ഉദ്യോഗസ്ഥന്‍ ട്രസ്റ്റ് അധികാരികളുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് പുറത്തായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സെപ്റ്റംബര്‍ ഒന്നിനും മൂന്നിനും അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കപ്പെട്ടെന്ന് കണ്ടെത്തി. നേരത്തെ, മീററ്റില്‍ രാമക്ഷേത്ര നിര്‍മാണത്തിനായി സംഭാവന പിരിച്ചവരെ പൊലീസ് പിടികൂടിയിരുന്നു.

Share
അഭിപ്രായം എഴുതാം