വിദ്വേഷം പ്രചരണത്തില്‍ ഫെയ്‌സ് ബുക്കിന്റെ ഇരട്ടത്താപ്പ്: ജോലി രാജി വച്ച് ജീവനക്കാരന്‍

ന്യൂഡല്‍ഹി: വിദ്വേഷ പ്രചരണങ്ങള്‍ക്കു ഫെയ്സ്ബുക്ക് കൂട്ടുനില്‍ക്കുന്നുവെന്നും വിഷയത്തില്‍ കമ്പനിയുടെത് ഇരട്ടത്താപ്പാണെന്നും വ്യക്തമാക്കി കമ്പനിയുടെ സോഫ്റ്റ്വയര്‍ എന്‍ജിനീയര്‍ രാജിവച്ചു. അശോക് ചാന്ദ്വാനിയാണ് രാജിവച്ചത്. ഇത്തരത്തില്‍ ലഭിക്കുന്ന പണം തനിക്കു വേണ്ടെന്നും അദ്ദേഹം പറഞ്ഞു.ഫെയ്സ്ബുക്ക് ജീവനക്കാരുടെ ആഭ്യന്തര നെറ്റ്വര്‍ക്കിലും കത്ത് പോസ്റ്റ് ചെയ്തിട്ടുണ്ട്.

യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ളവരുടെ വിദ്വേഷപോസ്റ്റുകളില്‍ നടപടിയെടുക്കാന്‍ ഫെയ്സ്ബുക്കിനായില്ലെന്ന് കമ്പനിക്കയച്ച ആയിരത്തിമുന്നൂറോളം വാക്കുകളുള്ള രാജിക്കത്തില്‍ പറയുന്നു. നേരത്തെ ട്രംപിന്റെ പോസ്റ്റ് പിന്‍വലിക്കില്ലെന്നു ഫെയ്സ്ബുക്ക് സി.ഇ.ഒ. മാര്‍ക് സക്കര്‍ബര്‍ഗ് വ്യക്തമാക്കിയശേഷം നിരവധി ജീവനക്കാരാണു രാജിവച്ചത്. കെനോഷ, വിസ്‌കോന്‍സിന്‍ എന്നിവിടങ്ങളില്‍ പ്രതിഷേധക്കാര്‍ക്കെതിരേ അക്രമത്തിനു പ്രോത്സാഹിപ്പിക്കുന്ന തീവ്രഗ്രൂപ്പുകളുടെ പോസ്റ്റുകള്‍, ട്രംപിന്റെ ‘കൊള്ളയടിക്കല്‍ ആരംഭിക്കുമ്പോള്‍ വെടിവയ്പ്പ് തുടങ്ങുന്നു’ എന്ന വിവാദപോസ്റ്റ് തുടങ്ങിയവ നീക്കുന്നതില്‍ ഫെയ്സ്ബുക്ക് പരാജയപ്പെടെന്ന് അശോക് ചാന്ദ്വാനി ചൂണ്ടിക്കാട്ടി.

Share
അഭിപ്രായം എഴുതാം