ഹൈടെക് പര്യായമായി അഞ്ചാലുംമൂട് ഹയര്‍ സെക്കന്ററി സ്‌കൂള്‍

കൊല്ലം: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായ വികസന പ്രവര്‍ത്തനങ്ങളിലൂടെ ഹൈടെക് നിലവാരത്തിലെത്തി അഞ്ചാലുംമൂട് സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍. പൊതുവിദ്യാഭ്യാസ മേഖലയിലെ ചരിത്ര മുഹൂര്‍ത്തമാണെന്ന് മൂന്നാം നിലയുടെ നിര്‍മാണോദ്ഘാടനം നിര്‍വ്വഹിച്ച് എം മുകേഷ് എം എല്‍ എ പറഞ്ഞു. ജില്ലയില്‍ ഏറ്റവുമധികം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളെന്ന പദവിക്കൊപ്പം അടിസ്ഥാന ഭൗതിക സാഹചര്യ വികസനത്തിലും അക്കാദമിക നിലവാരത്തിലും ഏറെ മുന്നിലാണ് അഞ്ചാലുംമൂട് സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എം എല്‍ എ പറഞ്ഞു.

സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പദ്ധതികളുടെ ഭാഗമായി മൂന്ന് നിലകളിലായി മികച്ച സൗകര്യങ്ങളുള്ള ക്ലാസ്സ് റൂമുകള്‍, ഓഫീസ്, റസ്റ്റ് റൂമുകള്‍, ആധുനികവും ഭിന്നശേഷി സൗഹാര്‍ദ്ദവുമായി നിര്‍മിച്ച ശുചിമുറികള്‍ എന്നിവ ഒരുക്കിയാണ് സ്‌കൂള്‍ ഹൈടെക് നിലവാരത്തിലെത്തിയത്.

എന്‍ എസ് എസ്, എസ് പി സി അടക്കമുള്ള 36 ക്ലബുകളുടെ സജീവ പ്രവര്‍ത്തനവും  ഇക്കഴിഞ്ഞ പ്ലസ് ടു, എസ് എസ് എല്‍ സി പരീക്ഷകളിലെ മികച്ച വിജയ ശതമാനവും ദേശീയ-അന്തര്‍ദേശീയ പരീക്ഷകളിലെ വിദ്യാര്‍ഥി സാന്നിധ്യവും  സ്‌കൂളിന്റെ മികവിനുള്ള സാക്ഷ്യപത്രങ്ങളാണ്. എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് സ്‌കൂളിലെ ലബോറട്ടറി നിര്‍മാണത്തിന് അനുമതിയായിട്ടുണ്ട്.

ആധുനിക സൗകര്യങ്ങള്‍ ഒരുക്കുക വഴി  പഠനനിലവാരവും കുട്ടികളുടെ സാമൂഹിക-ബൗദ്ധിക തലങ്ങളിലെ ഉന്നമനവുമാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് പ്രഥമാധ്യാപിക എച്ച് സലീന ബീവി പറഞ്ഞു.

മികവിന്റെ കേന്ദ്രമായി ശൂരനാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍

ശൂരനാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇനി മികവിന്റെ  കേന്ദ്രം. ഹൈടെക് സൗകര്യങ്ങളോടെ പുതിയ രണ്ട് കെട്ടിടങ്ങളുടെ നിര്‍മാണമാണ് പൂര്‍ത്തീകരിച്ചത്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി അഞ്ചു കോടി രൂപ വിനിയോഗിച്ച് നിര്‍മിച്ച കെട്ടിടത്തില്‍ കമ്പ്യൂട്ടര്‍,  പ്രൊജക്ടര്‍, ശാസ്ത്ര-ഗണിതശാസ്ത്ര, ഐ ടി, വിദേശഭാഷ പഠിക്കാന്‍ സൗകര്യമുള്ള ലാബുകള്‍, പെണ്‍കുട്ടികള്‍ക്കായി വിശ്രമമുറി തുടങ്ങിയ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

 അഞ്ചു മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള ക്ലാസ്സുകള്‍ ഇവിടെയുണ്ട്. രണ്ടായിരത്തോളം കുട്ടികള്‍ പഠിക്കുന്നുണ്ട്. പുതുതായി നിര്‍മാണം തുടങ്ങുന്ന  കെട്ടിടത്തിന് ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ പറഞ്ഞു. സ്‌കൂളിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ പഞ്ചായത്തിന്റെ ഒരു കോടി രൂപയും വിനിയോഗിച്ചു.

കരുനാഗപ്പള്ളി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എല്ലാ ക്ലാസ് മുറികളും ഹൈടെക്ക്

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ മികവിന്റെ പാതയിലേക്ക് കുതിക്കുമ്പോള്‍ കരുനാഗപ്പള്ളി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി മാറിക്കഴിഞ്ഞു.

സ്‌കൂളിലെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം കൂടി മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചതോടെ യു പി മുതല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള എല്ലാ ക്ലാസ് മുറികളും ഹൈടെക്കായി മാറി. പരിസ്ഥിതി സൗഹൃദ വിദ്യാലയത്തിന്റെ മികച്ച മാതൃകയായ ഇവിടെ ജൈവവൈവിധ്യ ഉദ്യാനവുമുണ്ട്. ആറ് വര്‍ഷമായി ജില്ലയിലെ മികച്ച ഹരിത വിദ്യാലയം കൂടിയായ സ്‌കൂളിന്  സംസ്ഥാന ഹരിത വിദ്യാലയ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

പെണ്‍  സൗഹൃദ വിദ്യാലയം കൂടിയായ ഇവിടെ  വിദ്യാര്‍ഥിനികള്‍ക്കും അമ്മമാര്‍ക്കും കൗണ്‍സിലിംഗ് ഒരുക്കുന്ന ‘അമ്മയറിയാന്‍’ എന്ന സ്ഥിരം കൗണ്‍സിലിംഗ് സെന്റര്‍, പെണ്‍കുട്ടികള്‍ക്ക് ആയോധനകലയില്‍ പരിശീലനം ഒരുക്കാന്‍ ‘പെണ്ണ് ഒരുമ’, പെണ്‍കുട്ടികള്‍ക്ക് പ്രത്യേക വിശ്രമമുറിയും ശുചിമുറിയും നാപ്കിന്‍ ബാങ്കും ഒരുക്കുന്ന ‘ഷി കെയര്‍’ തുടങ്ങി നിരവധി മാതൃകാപരമായ പദ്ധതികള്‍  നടപ്പാക്കിക്കഴിഞ്ഞു.

2019 ലെ സംസ്ഥാനത്തെ ഏറ്റവും മികച്ച എസ് പി സി സ്‌കൂളിനുള്ള ഐ എസ് ഒ അംഗീകാരം, കലിംഗ ഫെലോഷിപ്പ് അക്കാദമിക് തലങ്ങളില്‍ ഉയര്‍ന്ന നിലവാരം, വി എച്ച് എസ് ഇ പരീക്ഷയില്‍ സ്ഥിരമായി 100 ശതമാനം വിജയം എന്നിവയും കരുനാഗപ്പള്ളി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പ്രത്യേകതകളാണ്.

കരുനാഗപ്പള്ളി സര്‍ക്കാര്‍ എച്ച് എസ് എസ് മാത്രമല്ല നിയോജക മണ്ഡലത്തിലെ മറ്റു സ്‌കൂളുകളും ഹൈടെക് നിലവാരത്തിലേക്കുയരുകയാണ്. കിഫ്ബി പദ്ധതിയിലൂടെ ഒരു കോടി രൂപ വീതം അനുവദിച്ചിട്ടുള്ള സ്‌കൂളിലെ കെട്ടിട സമുച്ചയങ്ങളുടെ നിര്‍മാണം ആരംഭിച്ചുകഴിഞ്ഞു. മണ്ഡലത്തിലെ മൂന്ന് സ്‌കൂളുകള്‍ക്ക് തീരദേശ വികസന അതോറിറ്റി ഫിഷറീസ് വകുപ്പ് വഴി കിഫ്ബി ഫണ്ടും അനുവദിച്ചിട്ടുണ്ട്. കുഴിത്തുറ സര്‍ക്കാര്‍ എച്ച് എസ് എസിന് 1.40 കോടിയും ചെറിയഴീക്കല്‍ സര്‍ക്കാര്‍ വി എച്ച് എസ് എസിന് 1.72 കോടിയും കരുനാഗപ്പള്ളി യു പി ജി എസിന് 2.32 കോടിയുമാണ് അധികമായി അനുവദിച്ചിട്ടുള്ളത്. ഇതുകൂടി പൂര്‍ത്തിയാവുന്നതോടെ മണ്ഡലത്തിലെ എല്ലാ സ്‌കൂളുകളും ഹൈടെക് നിലവാരത്തിലേക്ക് ഉയരും.

നൂറ്റാണ്ടിന്റെ പെരുമയായി കൊട്ടാരക്കര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഇനി ഹൈടെക്കില്‍

വിദ്യാഭ്യാസ മേഖലയില്‍ ഒന്നേകാല്‍ നൂറ്റാണ്ടിന്റെ പെരുമയുള്ള കൊട്ടാരക്കര സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഹൈടെക് പദവിയില്‍. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വഴി അഞ്ച് കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ഇവിടെ പൂര്‍ത്തിയായത്. 1894 ലാണ് സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. മുന്‍ മുഖ്യമന്ത്രി ആര്‍ ശങ്കര്‍ ഈ സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്നു. ഡോ എം കൃഷ്ണന്‍ നായര്‍, സംസ്‌കൃത പണ്ഡിതന്‍ വേദ ബന്ധു, ഗാന്ധിയന്‍ പ്രസ്ഥാനത്തിന്റെ വക്താവായിരുന്ന പ്രൊഫ. എം പി മന്മദന്‍, കേരള യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എന്‍ ബാബു, പ്രശസ്ത സാഹിത്യകാരന്‍ കാക്കനാടന്‍ എന്നിങ്ങനെ സാംസ്‌കാരിക രംഗത്തെ പല പ്രമുഖരും സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥികളാണ്

രണ്ടു നിലകളിലായി വി എച്ച് എസ് ഇ വിഭാഗത്തിനായുള്ള  മൂന്ന് വലിയ ക്ലാസ് മുറികള്‍ ഉള്‍പ്പെടെ ആറ് ക്ലാസ് മുറികളാണ് പൂര്‍ത്തിയാക്കിയത്. കമ്പ്യൂട്ടര്‍ ലാബുകള്‍, റഫറന്‍സ് റൂം, ടോയ്‌ലറ്റ് ബ്ലോക്ക് എന്നിവയുമുണ്ട്. ഹൈസ്‌കൂള്‍ വിഭാഗത്തിന് ആറു ക്ലാസ് മുറികളാണുള്ളത്. അഞ്ച് കോടി രൂപയുടെ കെട്ടിടം നിര്‍മിച്ച ശേഷം മിച്ചം വന്ന 60 ലക്ഷം രൂപ ഉപയോഗിച്ച് മൂന്ന് ക്ലാസ്സ് മുറികളും കിച്ചന്‍ ബ്ലോക്കും നിര്‍മിച്ചുവരികയാണ്. വിദ്യാര്‍ത്ഥികളുടെ പഠന മികവില്‍ മാത്രമല്ല കലാ-കായിക-സാംസ്‌കാരിക രംഗത്തും കരുത്തേകുന്ന പദ്ധതികള്‍ സ്‌കൂളില്‍ നടപ്പിലാക്കിവരുന്നു. സാമൂഹ്യസേവന രംഗത്ത് എന്‍ സി സി, എസ് പി സി, എന്‍ എസ് എസ് വിദ്യാര്‍ഥികളും സജീവ പങ്കാളികളാണ്. ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രതിരോധ മുറകളും അഭ്യസിപ്പിക്കുന്നുണ്ട്.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7732/Hitech-School-.html

Share
അഭിപ്രായം എഴുതാം