വയനാട് ജില്ലയിലെ ഭവനരഹിത പട്ടിക വര്‍ഗ്ഗക്കാരുടെ പുനരധിവാസ പുനരുജ്ജീവന പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് (09-09-2020)

വയനാട്: ജില്ലയിലെ ഭൂരഹിത പട്ടിക വര്‍ഗ്ഗ കുടുംബങ്ങളുടെ വിവിധ പുനരധിവാസ പുനരുജ്ജീവന പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് (സെപ്തംബര്‍ 9 ) പട്ടികജാതി പട്ടിക വര്‍ഗ്ഗ വകുപ്പ് മന്ത്രി എ.കെ ബാലന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും. ഉച്ചയ്ക്ക് ശേഷം 3 ന് മുട്ടില്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുളള, വിവിധ തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.  ഭൂരഹിത പട്ടിക വര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് നല്‍കിയ ഭൂമിയില്‍ നിര്‍മ്മിക്കുന്ന ഭവനങ്ങളുടെ  തറക്കല്ലിടല്‍, വൈത്തിരി, പൊഴുതന പഞ്ചായത്തുകളില്‍ ലൈഫ് ഭവന പദ്ധതിയിലൂടെ നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ ദാനം, മേപ്പാടി,മൂപ്പൈനാട്,മുട്ടില്‍ എന്നീ പഞ്ചായത്തുകളിലെ 60 ആദിവാസി കുടുംബങ്ങള്‍ക്കുളള ഭൂവിതരണം, വിവിധ റോഡുകളുടെ ഉദ്ഘാടനം, വരുമാനദായ പദ്ധതികളുടെ ഉദ്ഘാടനം എന്നിവ മന്ത്രി നിര്‍വ്വഹിച്ചു .

വൈത്തിരി പഞ്ചായത്തിലെ അറമല നിക്ഷിപ്ത വനഭൂമിയില്‍ 28 ആദിവാസി കുടുംബങ്ങള്‍ക്കുളള ഭവനങ്ങളുടെ തറക്കല്ലിടല്‍, പ്രിയദര്‍ശ്ശിനി കോളനിയെ പൂക്കോട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ റോഡുമായി ബന്ധപ്പെടുത്തുന്ന പ്രിയദര്‍ശിന് റോഡ് ഉദ്ഘാടനം, പ്രിയദര്‍ശിനി കോളനിയിലെ മൂന്ന് ലൈഫ് വീടുകളുടെ താക്കോല്‍ദാനം, പൂക്കോട്ട് കുന്നില്‍ പണി പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ദാനം, വട്ടക്കുണ്ട് കാട്ട്നായ്ക്കന്‍ കോളനിയിലെ ലൈഫ് ഭവനത്തിന്റെ താക്കോല്‍ദാനം, പൊഴുതന ആലക്കണ്ടി പണിയകോളനിയിലെ ഏഴ് ഭവനങ്ങളുടെ  താക്കോല്‍ദാനം, മേപ്പാടി പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ 54 ആദിവാസി കുടുംബങ്ങളുടെ വീടുകളുടെ തറക്കല്ലിടല്‍, പഴശ്ശി കോളനി റോഡ് ഉദ്ഘാടനം, പുതമലയില്‍ ആറ് ആദിവാസി പണിയ കുടുംബങ്ങളുടെ വീടുകളുടെ തറക്കല്ലിടല്‍, ചേല അപ്പാരല്‍ പാര്‍ക്കില്‍ കണിയാമ്പറ്റ പാടിക്കുന്ന് ഊരാളി കോളനിയിലെ 24 ആദിവാസി കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കല്‍ തുടങ്ങിയ വിവിധ പദ്ധതികളാണ് മന്ത്രി ഉദ്ഘാടനം ചെയ്‌തു .

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7706/Scheduled-Tribe;-Housing.html

Share
അഭിപ്രായം എഴുതാം