കോഴിക്കോട് : കോഴിക്കോട് പട്ടര്‍പാലത്ത് ബിജെപി പ്രവര്‍ത്തകനായ ഷാജിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റിലായി. കോഴിക്കോട് മായനാട് പുനത്തില്‍ അബ്ദുല്ല, പൂവാട്ടുപറമ്പ് സ്വദേശി ചായിച്ചന്‍ കണ്ടി അബ്ദുല്‍ അസീസ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ്. കൂടുതല്‍ പേര്‍ ഉടന്‍ അറസ്റ്റിലാവുമെന്ന് കോഴിക്കോട് നോര്‍ത്ത് എസ്പി അഷറഫ് പറഞ്ഞു.
പട്ടര്‍പാലം എലിയോറമല സംരക്ഷണ സമിതി വൈസ് ചെയര്‍മാനും ബിജെപി പ്രവര്‍ത്തകനുമായ കെകെ ഷാജിയെ 2019 ഒക്ടോബര്‍ 12 ന് രാത്രിയാണ് ഇവര്‍ വെട്ടിക്കൊലപ്പെടുത്തിയത് കേസിലെ ഒന്നും മൂന്നും പ്രതികളാണ് അറസ്റ്റിലായത്. യാത്രക്കാരായി ഷാജിയുടെ ഓട്ടോറിക്ഷയില്‍ കയറി തയ്യില്‍ താഴത്തുവച്ച് സംഘം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാജി മാസങ്ങളോളം ചികിത്സയിലായിരുന്നു.
ഒന്നരലക്ഷത്തേളം ഫോണ്‍കോളുകളും ആയിരത്തിലധികം വാഹനങ്ങളും പരിശോധിച്ച ശേഷമാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത് . 100 ലധികം പേരെ ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തു. ഇനിയും 10 പേര്‍കൂടി പിടിയിലാവാനുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതികളെ പട്ടര്‍ പാലത്തെത്തിച്ച് തെളിവെടുത്തു. തെളിവെടുപ്പിനിടയില്‍ സ്ത്രീകളുള്‍പ്പടെയുളള നാട്ടുകാര്‍ പ്രതിഷേധിച്ചു. 17 അംഗ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് കേസ് അന്വേഷിച്ചത്.