അടൂർ∙ അജ്ഞാത പ്രാണി കടിച്ചതിനെ തുടർന്ന് അപൂർവ രോഗ ബാധിതയായി മരണപ്പെട്ട സാന്ദ്ര ആൻ ജയ്സൻ്റെ (18) സംസ്കാരം 9-9-2020,ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. അടൂർ കരുവാറ്റ ആൻസ് വില്ലയിൽ ജയ്സൺ തോമസിന്റെയും ബിജി അഗസ്റ്റിന്റെയും മൂത്ത മകളാണ് സാന്ദ്ര. റിച്ച ആൻ ജയ്സണ്‍ ആണ് സഹോദരി.
ലക്ഷം പേരിൽ ഒരാൾക്കു മാത്രം പിടിപെടുന്ന അപൂർവ രോഗമാണ് സാന്ദ്രയെ ബാധിച്ചത്. അസുഖത്തെ തുടർന്ന് തകരാറിലായ വൃക്ക മാറ്റിവയ്ക്കാനുള്ള തയ്യാ റെടുപ്പുകൾ നടത്തുന്നതിനിടെ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു.
2014ലാണ് സാന്ദ്രയെ അജ്ഞാത ജീവി കടിച്ചത്. അവധിക്കാലത്ത് ഷാർജയിൽ നിന്ന് അടൂരിലെ വീട്ടിൽ എത്തി. അവധി ആഘോഷത്തിന് ഇടയിലാണ് സാന്ദ്രയെ അജ്ഞാത പ്രാണി കടിക്കുന്നത്. താമസിയാതെ ചിക്കൻ പോക്സിന്റെ രൂപത്തിൽ ആദ്യം രോഗലക്ഷണം കാണിച്ചു. വിശദമായ പരിശോധനയിൽ പർപ്യൂറ എന്ന അപൂർവ രോഗമാണെന്ന് കണ്ടെത്തി. ഒരിനം കൊതുകു കടിച്ചതാണെന്ന് ഡോക്ടർമാർ കണ്ടെത്തി.
അസുഖം ഭേദമായതോടെ ഷാർജയിലേക്ക് മടങ്ങിയെങ്കിലും ദിവസങ്ങൾക്കകം വീണ്ടും രോഗം ബാധിച്ചു. രോഗം തലച്ചോറിനെയും ബാധിച്ചു. 2019ൽ നടത്തിയ പരിശോധയിൽ രണ്ടു വൃക്കകളും തകർന്നതായി കണ്ടെത്തി. ദിവസവും 11 മണിക്കൂർ ഡയാലിസിസ് നടത്തിയാണ് ജീവൻ നിലനിർത്തിയിരുന്നത്.
ക്ലിനിക്കൽ സൈക്കോളജിസ്റ്റാകണമെന്നായിരുന്നു സാന്ദ്രയുടെ ആഗ്രഹം.
11–ാം ക്ലാസ് വിദ്യാർഥിനിയുടെ സഹായത്തോടെ ഇക്കഴിഞ്ഞ പ്ലസ്ടു പരീക്ഷ എഴുതി 75 ശതമാനം മാർക്ക് വാങ്ങിയിരുന്നു.