രാജ്യത്തെ ജനപ്രതിനിധികളുടെ പേരിൽ 4442 ക്രിമിനൽ കേസുകളെന്ന് സുപ്രീം കോടതി

ന്യൂഡൽഹി : രാജ്യത്തെ നിയമസഭാ സാമാജികരുടെയും പാർലിമെൻറ് അംഗങ്ങളുടെയും കുറ്റകൃത്യങ്ങൾ സംബന്ധിച്ച ഞെട്ടിക്കുന്ന കണക്ക് പുറത്തുവിട്ടിരിക്കുകയാണ് സുപ്രീംകോടതി.

രാജ്യത്ത് എംപിമാർക്കും എംഎൽഎമാർക്കും എതിരായി ആകെ ക്രിമിനൽ കേസുകളുടെ എണ്ണം 4442 ആണ്. നിലവിൽ അംഗങ്ങളായി തുടരുന്നവരുടെയും മുൻ അംങ്ങളുടെയും കേസുകൾ ഇതിലുൾപ്പെടും. ഇതിൽ 2556 കേസുകൾ നിലവിൽ നിയമസഭകളിലും പാർലമെൻറിലും അംഗങ്ങളായി തുടരുന്നവരുടെ പേരിലാണെന്നും പരമോന്നത നീതിപീഠം പറയുന്നു.

ഒരു പൊതുതാല്പര്യ ഹർജിയെ തുടർന്ന് അമിക്യുസ് ക്യൂറിയെ നിയോഗിച്ച സുപ്രീംകോടതി രാജ്യത്തെ കോടതികളിൽ നിന്ന് ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുകയായിരുന്നു. ഓരോ കേസുകളിൽ മാത്രം പ്രതികളായവരും, നിരവധി കേസുകളിൽ പ്രതികളായവരും എംപിമാർക്കും എംഎൽഎമാർക്കും ഇടയിലുണ്ട്. ഉത്തർപ്രദേശാണ് ഇതിൽ മുൻപിലുള്ളത്. ഉത്തർപ്രദേശിലെ മുൻ ജനപ്രതിനിധികളുടെയും, നിലവിലുള്ള ജനപ്രതിനിധികളുടെയും പേരിൽ ആകെ 1217 കേസുകളാണുളളത് . ഇതിൽ 446 കേസുകൾ സിറ്റിംഗ് എം.പി. മാരുടെയും എം എൽ എ മാരുടെയും പേരിലാണ്. കേരളത്തിലെ മുൻപത്തേതും ഇപ്പോൾ തുടരുന്നതുമായ ജനപ്രതിനിധികളുടെ പേരിൽ നിലവിലുള്ള കേസുകളുടെ എണ്ണം 333 ഉം, നിലവിലെ സിറ്റിംഗ് അംഗങ്ങളുടെ പേരിലുള്ള കേസുകളുടെ എണ്ണം 310 ഉം ആണ്.

Share
അഭിപ്രായം എഴുതാം