ടെലിവിഷൻ താരം ശ്രാവണി ആത്മഹത്യ ചെയ്ത നിലയിൽ; സുഹൃത്തിൻ്റെ മാനസിക പീഡനമാണ് കാരണമെന്ന് കുടുംബം.

ഹൈദരാബാദ്: തെലുങ്ക് സീരിയൽ താരം ശ്രാവണി കൊണ്ടാപള്ളിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. 08-09-2020, ചൊവ്വാഴ്ച രാത്രിയാണ് ഹൈദരാബാദിൽ മധുരനഗറിലെ ഫ്ളാറ്റിൽ ശ്രാവണിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. 26 വയസായിരുന്നു. എസ്.ആർ. നഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മനസു മമത, മൗനരാഗം തുടങ്ങിയ സീരിയലുകളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ശ്രാവണി.

കുളിക്കാനായി പോയ ശ്രാവണിയെ ഒരു മണിക്കൂറിന് ശേഷമാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കുടുംബാംഗങ്ങൾ കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പ്‌ കണ്ടെത്തിയിട്ടില്ല.

ടിക്‌ടോക്കിലൂടെ പരിചയപ്പെട്ട ദേവരാജു എന്ന സുഹൃത്താണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു. ദേവരാജ് പണത്തിനു വേണ്ടി ശ്രാവണിയെ നിർബന്ധിച്ചുവെന്നും സഹോദരൻ ശിവ കൊണ്ടാപള്ളി പറഞ്ഞു. ദേവരാജ് ബ്ലാക്ക് മെയിൽ തുടർന്നതിനാൽ ഇയാൾക്കെതിരെ പോലീസിൽ പരാതിപ്പെട്ടിരുന്നു എന്നും സഹോദരൻ വ്യക്തമാക്കി. ശ്രാവണിയുടെ മരണവുമായി ബന്ധപ്പെട്ടും ദേവരാജുവിനെതിരെ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

2020 ജൂണിലാണ് ശ്രാവണിയെ ഉപദ്രവിച്ചു എന്നാരോപിച്ച് ദേവരാജുവിനെതിരേ പരാതി നൽകിയത്. കേസിൽ പോലീസ് അയാളെ അറസ്റ്റുചെയ്തിരുന്നു. തന്നെ വിവാഹം കഴിക്കാൻ ദേവരാജു ശ്രാവണിയെ ശല്യപ്പെടുത്തിയതിനെ തുടർന്നായിരുന്നു പരാതിപ്പെട്ടത്. അറസ്റ്റിനു ശേഷവും ശ്രാവണിയും ദേവരാജും വീണ്ടും സൗഹൃദത്തിലായി. കുടുംബം ഇത് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ദേവരാജുവിന്റെ ഉപദ്രവം സഹിക്കാതെയാണ് ശ്രാവണി ജീവിതം അവസാനിപ്പിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നത്. ദേവരാജുവിനെതിരെ ഐപിസി സെക്ഷൻ 306 പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി സ്വദേശിയായ ശ്രാവണി എട്ടുവർഷമായി സീരിയൽ രംഗത്ത് സജീവമാണ് . മരണ വാർത്തയറിഞ്ഞ് സീരിയൽ രംഗത്തെ നിരവധി സഹപ്രവർത്തകരാണ് ശ്രാവണിയ്ക്ക് അനുശോചനം നേർന്നത്.

ശ്രാവണിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഉസ്മാനിയ ആശുപത്രിയിലേക്ക് മാറ്റി.

Share
അഭിപ്രായം എഴുതാം