അഴിമതി കുറയ്ക്കാൻ വില്ലേജ് ഓഫീസർമാരെ ‘നിർമാർജ്ജനം’ ചെയ്യാനൊരുങ്ങി തെലുങ്കാന സർക്കാർ, ബില്ല് നിയമസഭയിൽ

ഹൈദരാബാദ്: വസ്തു രജിസ്ട്രേഷനുമായി ബന്ധപ്പെട്ട അഴിമതി കുറയ്ക്കുന്നതിൻ്റെ ഭാഗമായി വില്ലേജ് ഓഫീസർമാരെ തന്നെ ഒഴിവാക്കാൻ ഒരുങ്ങുകയാണ് തെലുങ്കാന സർക്കാർ .

ഇപ്പോൾ നടക്കുന്ന നിയമസഭാ സമ്മേളനത്തിൽ ഇതുസംബന്ധിച്ച ബില്ല് പാസാക്കിയേക്കും. മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം ബില്ലിന് അനുമതി നൽകിയിട്ടുണ്ട്.

റവന്യൂ വകുപ്പിൻ്റെ പ്രവർത്തനങ്ങളെ അഴിമതി രഹിതമാക്കാനാണ് വില്ലേജ് ഓഫീസർമാരെ ഒഴിവാക്കുന്നത് എന്നാണ് സർക്കാരിൻറെ വാദം. മന്ത്രിസഭായോഗം ചർച്ച ചെയ്യുന്നതിനു മണിക്കൂറുകൾക്ക് മുൻപ് എല്ലാ വില്ലേജ് ഓഫീസർമാരോടും വസ്തു രജിസ്ട്രേഷനുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും അതാത് തഹസിൽദാർമാരെ ഏൽപിക്കാൻ ആവശ്യപ്പെട്ടിരുന്നു.

രജിസ്ട്രേഷൻ ഓൺലൈൻ പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരാനാണ് സർക്കാരിൻറെ നീക്കം. വിവാഹ രജിസ്ട്രേഷൻ പോലുള്ളവ വില്ലേജ് ഓഫീസുകളിൽ മുടക്കമില്ലാതെ നടക്കും. അവിഭക്ത ആന്ധ്രപ്രദേശിൽ 1985 ൽ എം ടി രാമറാവു കാലത്ത് നടന്ന കാലത്ത് ‘പട്ടേൽ – പട്വാരി’ സമ്പ്രദായം അവസാനിപ്പിച്ചതിനു ശേഷം നടക്കുന്ന വലിയ പരിഷ്കരണമായാണ് ഇപ്പോൾ തെലുങ്കാന നിയമസഭയുടെ മേശപ്പുറത്ത് വച്ചിട്ടുള്ള ബില്ലിനെ വിലയിരുത്തുന്നത് .

Share
അഭിപ്രായം എഴുതാം