തൂപ്പുജോലി ചെയ്ത് അതേ സ്ക്കൂളിൽ അധ്യാപികയായി. ലിൻസയ്ക്ക് രാജ്ഭവനിൽ സ്വീകരണം

ചെറുവത്തൂര്‍: തൂപ്പുജോലി ചെയ്യുന്നതിനിടെ അതേ സ്ക്കൂളില്‍ അധ്യാപികയായി ചുമതലയേറ്റ ലിൻസയ്ക്ക് രാജ്ഭവനിൽ സ്വീകരണം.

കുടുംബസമേതം ചൊവ്വാഴ്ചയാണ് രാജ്ഭവനില്‍ ചായസല്‍ക്കാരത്തിന് ക്ഷണം കിട്ടിയത്. 8 -9 -2020 വൈകീട്ട് 5.20ന് ഗവര്‍ണറാണ് ചായസല്‍ക്കാരം ഒരുക്കിയത്.
കാഞ്ഞങ്ങാട് ഇക്ബാല്‍ ഹയര്‍സെക്കന്‍ഡറിയിലെ തൂപ്പുകാരിയായി ജോലി ചെയ്യുകയായിരുന്നു ലിൻസ . അധ്യാപക ഒഴിവുവന്നപ്പോള്‍ ഇംഗ്ലീഷില്‍ ബിരുദവും ബിരുദാനന്തര ബിരുദവും ബി.എഡും സ്വന്തമാക്കിയ ആര്‍.ജെ. ലിന്‍സക്ക് സ്കൂൾ അധികൃതർ നിയമനം നല്‍കുകയായിരുന്നു.

തൂപ്പുകാരി ചേച്ചി ഹൈസ്‌കൂള്‍ ക്ലാസില്‍ ചോക്കുമായി എത്തിയപ്പോള്‍ അന്ധാളിച്ച കുട്ടികള്‍ കൈയ്യടികളോടെ സ്വീകരിച്ചു. കോഴിക്കോട് പേരാമ്പ്ര സ്വദേശി കെ.കെ. രാജന്റെ മകളാണ് ലിന്‍സ. സംസ്‌കൃതാധ്യാപകനായ രാജന്‍ സര്‍വീസിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്.
തുടര്‍ന്ന് അമ്മയ്ക്കും അനുജനും താങ്ങാവാന്‍ മകളായ ലിന്‍സ തൂപ്പുകാരിയായി ആശ്രിത നിയമനം നേടുകയായിരുന്നു. ക്ലാസ് മുറികളും ഓഫിസ് മുറികളും തൂത്ത് വൃത്തിയാക്കിയ ശേഷം ലഭിച്ച സമയം പഠിക്കാനും ചിലവഴിച്ചു.അതിനിടെയാണ് തൂപ്പുജോലി ചെയ്ത സ്ക്കൂളിൽ തന്നെ അധ്യാപികയാകുന്നത്. ഗവര്‍ണറുടെ ചായസല്‍ക്കാരത്തില്‍ ഭര്‍ത്താവും മാധ്യമ പ്രവര്‍ത്തകനുമായ സുധീരന്‍ മയ്യിച്ച, മക്കളായ സോനില്‍, സംഘമിത്ര എന്നിവര്‍ക്കൊപ്പമാണ് ലിന്‍സ പങ്കെടുക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →