ഹാഷിഷ് ഓയിലും കഞ്ചാവുമായി യുവതിയടക്കം 7 പേര്‍ പിടിയില്‍

ഇടുക്കി: ഹാഷിഷ് ഓയിലും കഞ്ചാവുമായി യുവതിയടക്കം ഏഴുപേര്‍ പോലീസ് പിടിയിലായി. വാഗമണ്ണില്‍ പോലീസിന്‍റെ വാഹന പരിശോധനക്കിടയിലാണ് സംഘം പിടിയിലായത്. കോഴിക്കോട് ആയഞ്ചേരി സ്വദേശി മുഹ്‌സീനയെ കാണാനില്ലന്ന് വീട്ടുകാരുടെ പരാതിയുണ്ടെന്നും ഇവര്‍ ആണ്‍സുഹൃത്തുമൊത്ത് വാഗമണ്ണിലേക്ക് കടന്നിട്ടുണ്ടെന്നുമുളള വിവരത്തെ തുടര്‍ന്നാണ് പോലീസ് വാഹനപരിശോധന നടത്തിയത്. യുവതിയും സുഹൃത്തുക്കളും വന്ന കാറുകള്‍ പോലീസ് കണ്ടെത്തുകയും ലഹരി പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുക്കുകയുമായിരുന്നു.

പൂഞ്ഞാര്‍ സ്വദേശി അജ്മല്‍ ഷാ, തിരുവനന്തപുരം സ്വദേശി സിദ്ധു, ഇടുക്കി സ്വദേശി നവീന്‍, എറണാകുളം സ്വദേശി ഷിയാദ്, തമിഴ്‌നാട് സ്വദേശി രഞ്ജിത്ത്, കോഴിക്കോട് സ്വദേശി അഖില്‍ രാജ് എന്നിവരാണ് പിടിയിലായ മറ്റുപ്രതികള്‍. അജ്മല്‍ മയക്കുമരുന്നുകേസില്‍ നേരത്തേയും പ്രതിയായിട്ടുളള ആളാണ്. ഇയാള്‍ക്ക് വന്‍ മയക്കുമരുന്നു സംഘവുമായി ബന്ധമുളളതായി പോലീസ് പറയുന്നു. അജ്മലില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ അവരിലേക്കുളള അന്വേഷണവും പോലീസ് തുടങ്ങിക്കഴിഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.

Share
അഭിപ്രായം എഴുതാം