കോട്ടയം നെല്‍ വയല്‍ ഉടമകള്‍ക്ക് റോയല്‍റ്റി; സെപ്റ്റംബര്‍ 11 മുതല്‍ അപേക്ഷിക്കാം

കോട്ടയം: നെല്‍വയല്‍ ഉടമകള്‍ക്ക് റോയല്‍റ്റി നല്‍കുന്നതിന്  കാര്‍ഷിക വികസന- കര്‍ഷക ക്ഷേമ വകുപ്പ്  നടപടികള്‍ ആരംഭിച്ചു.

നെല്‍വയലുകളുടെ സംരക്ഷണത്തിനായി  സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതികളുടെ ഭാഗമായാണ് നെല്‍വയല്‍ ഉടമകള്‍ക്ക്   പ്രോത്സാഹനമെന്ന നിലയില്‍  റോയല്‍റ്റി ഏര്‍പ്പെടുത്തുന്നത്.  2020-21 ലെ ബജറ്റില്‍ നെല്‍കൃഷി വികസനത്തിനുള്ള   118.24 കോടി രൂപയില്‍  40 കോടി രൂപയാണ് ഇതിനായി   വകയിരുത്തിയിട്ടുള്ളത്.

ആദ്യ വര്‍ഷം രണ്ടു ലക്ഷം ഹെക്ടര്‍ സ്ഥലത്തിന്‍റെ ഉടമകള്‍ക്ക്  ഹെക്ടറിന് 2000 രൂപ നിരക്കില്‍ റോയല്‍റ്റി നല്‍കും.  

കൃഷി ചെയ്യാവുന്ന നെല്‍വയലുകള്‍ രൂപമാറ്റം വരുത്താതെ നിലനിര്‍ത്തി സംരക്ഷിക്കുകയും കൃഷിക്കായി തയ്യാറാക്കുകയും ചെയ്യുന്ന ഉടമകള്‍ക്ക് ഓരോ വര്‍ഷവും  ഇത്  ലഭിക്കും.

 നിലവില്‍ നെല്‍കൃഷി ചെയ്യുന്ന ഭൂമിയുടെ ഉടമകളും  നെല്‍വയലുകളുടെ അടിസ്ഥാന  സ്വഭാവവ്യതിയാനം വരുത്താതെ വിള  പരിക്രമത്തിന്‍റെ ഭാഗമായി പയര്‍ വര്‍ഗങ്ങള്‍, പച്ചക്കറികള്‍, എള്ള്, നിലക്കടല തുടങ്ങിയവ കൃഷി ചെയ്യുന്ന നിലം ഉടമകളും റോയല്‍റ്റിക്ക് അര്‍ഹരാണ്.

 തരിശു കിടക്കുന്ന വയല്‍  സ്വന്തമായോ മറ്റു കര്‍ഷകരോ ഏജന്‍സികളോ മുഖേനയോ നെല്‍കൃഷിക്ക്  ഉപയോഗിക്കുന്നവരെയും പരിഗണിക്കും. ഈ ഭൂമി പിന്നീട് മൂന്നുവര്‍ഷം തുടര്‍ച്ചയായി തരിശു കിടന്നാല്‍ റോയല്‍റ്റിക്കുള്ള  അര്‍ഹത നഷ്ടമാകുമെങ്കിലും  വീണ്ടും കൃഷി ആരംഭിക്കുന്ന മുറയ്ക്ക് ലഭിക്കും.

 അപേക്ഷകള്‍ സെപ്റ്റംബര്‍ 11 മുതല്‍  www.aism.kerala.gov.in എന്ന പോര്‍ട്ടല്‍ വഴി   സമര്‍പ്പിക്കാം. വ്യക്തിഗത ലോഗിന്‍ ഉപയോഗിച്ച് സ്വന്തമായോ അക്ഷയകേന്ദ്രങ്ങള്‍ വഴിയോ അപേക്ഷിക്കാം.

നടപ്പു സാമ്പത്തിക വര്‍ഷത്തിലെ കരം അടച്ച രസീത്/കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്,  തിരിച്ചറിയല്‍ രേഖ, അക്കൗണ്ട് വിവരങ്ങള്‍ അടങ്ങിയ ബാങ്ക് പാസ്ബുക്കിന്‍റെ  പേജിന്‍റെ പകര്‍പ്പ് എന്നിവ അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യണം.

Share
അഭിപ്രായം എഴുതാം