പെരിയ ഇരട്ടക്കൊലപാതകം; യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം. നിരവധി പേർക്ക് പരുക്കേറ്റു

കാസർഗോഡ്: പെരിയ ഇരട്ടക്കൊലപാതവുമായി ബന്ധപ്പെട്ട കേസ് ഡയറി സിബിഐക്ക് കൈമാറാത്തതിൽ പ്രതിഷേധിച്ച് കാസർക്കോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റിനും കാസർക്കോ ട്ട് ഡി.വൈ.എസ്.പി ഉൾപ്പെടെ ആറ് പൊലീസ് ഉദ്യോഗസ്ഥർക്കും പരുക്കേറ്റു.

9-9-2020 ബുധനാഴ്ച രാവിലെയാണ് സംഘർഷം നടന്നത്. ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ച പൊലീസിന് നേരെ പ്രവർത്തകർ കല്ലെറിഞ്ഞു. പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടെങ്കിലും പ്രവർത്തകർ തയ്യാറായില്ല. തുടർന്നാണ് പൊലീസ് ലാത്തി വീശിയത്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രദീപ് കുമാറിനെ പൊലീസ് വളഞ്ഞിട്ട് ആക്രമിച്ചു. പ്രദീപ് നിലത്ത് കിടന്ന് പ്രതിരോധിച്ചു. വാഹനത്തിലേക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. പ്രദീപ് കുമാറിന്റെ വസ്ത്രങ്ങളും കീറി.

പെരിയ ഇരട്ടക്കൊലക്കേസ് സി.ബി.ഐക്ക് കൈമാറിയിരുന്നു. എന്നാൽ കേസ് ഡയറി ക്രൈംബ്രാഞ്ച് കൈമാറിയിട്ടില്ല. ഇതു ചൂണ്ടിക്കാട്ടിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കളക്ടറേറ്റിലേക്ക് മാർച്ച് നടത്തിയത്. ബാരിക്കേഡ് തകർത്ത് പ്രവർത്തകർ കളക്ടറേറ്റിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചിരുന്നു. ഇതാണ് സംഘർഷത്തിന് കാരണമായത്.

സംഘർഷത്തിനിടെ കാസർഗോഡ് ഡിവൈഎസ്പി ബാലകൃഷ്ണൻ നായരുടെ തലക്ക് പരുക്കേറ്റു. ഇദ്ദേഹം ഉൾപ്പെടെ ആറ് പൊലീസുകാർക്കും നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും പരുക്കേറ്റിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം