യു.എ.പി.എ കേസില്‍ അലനും താഹയ്ക്കും എന്‍.ഐ.എ കോടതി ജാമ്യം അനുവദിച്ചു

കോഴിക്കോട്: പന്തീരങ്കാവ് യു.എ.പി.എ കേസില്‍ അലനും താഹയ്ക്കും എന്‍.ഐ.എ കോടതി ജാമ്യം അനുവദിച്ചു. ഉപാധികള്‍ക്ക് വിധേയമായാണ് ജാമ്യം. ഇതനുസരിച്ച് എല്ലാ മാസത്തെയും ആദ്യ ശനിയാഴ്ച അതാത് സ്റ്റേഷനില്‍ ഹാജരാകുകയും ഒപ്പ് രേഖപ്പെടുത്തുകയും വേണം. സി.പി.ഐ മാവോയിസ്റ്റ് സംഘടനകളുമായി ബന്ധം പാടില്ല. മാതാപിതാക്കളില്‍ ഒരാള്‍ ആള്‍ ജാമ്യം നില്‍ക്കണം. ഒരു ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവെക്കുകയും പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യുകയും വേണം. കേസില്‍ അറസ്റ്റ് ചെയ്ത് 10 മാസങ്ങള്‍ക്ക് ശേഷമാണ് അലനും താഹയ്ക്കും ജാമ്യം ലഭിച്ചത്.

കോഴിക്കോട് കോടതിയിലും എന്‍.ഐ.എ കോടതിയിലും ഹൈക്കോടതിയിലുമായി നേരത്തെ 3 തവണ ജാമ്യാപേക്ഷ നല്‍കിയിരുന്നു. എങ്കിലും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെന്ന കാരണത്താല്‍ കോടതി അപേക്ഷ തള്ളി. 27-4-2020 ന് കുറ്റപത്രം സമര്‍പ്പിച്ചു. ഇതോടെ വീണ്ടും എന്‍.ഐ.എ കോടതിയെ സമീപിച്ച് ജാമ്യാപേക്ഷ നല്‍കുകയായിരുന്നു. വിശദമായി വാദം കേട്ടതിനു ശേഷമാണ് കോടതി ജാമ്യം അനുവദിച്ചത്. ഇതോടൊപ്പം താഹയുടെ ശബ്ദപരിശോധനയും കോടതി നടത്തി. വിവാദമായ മുദ്രാവാക്യം വിളിച്ചത് താഹ തന്നെയാണോ എന്ന് ഉറപ്പു വരുത്താനാണ് ശബ്ദം പരിശോധിച്ചത്.

Share
അഭിപ്രായം എഴുതാം