കോവിഡ് 19: പുതിയ വിവരങ്ങള്‍ രാജ്യത്ത് കോവിഡ് രോഗമുക്തിയില്‍ വലിയ വര്‍ധന

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗമുക്തരായത് ഏകദേശം 75,000 പേര്‍

ആകെ രോഗമുക്തര്‍ 34 ലക്ഷത്തോട് അടുക്കുന്നു

ന്യൂ ഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ് രോഗമുക്തരായവരുടെ എണ്ണത്തില്‍ രാജ്യം പുതിയ നേട്ടത്തില്‍. ഒറ്റദിവസം സുഖം പ്രാപിച്ചത് 74,894 പേരാണ്.

ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 33,98,844 ആയി. രോഗമുക്തി നിരക്ക് 77.77 ശതമാനമാണ്.രോഗമുക്തരുടെ എണ്ണം 2020 ജൂലൈ മൂന്നാം വാരത്തില്‍ 1,53,118 ആയിരുന്നത് 2020 സെപ്റ്റംബര്‍ ആദ്യവാരമായപ്പോഴേയ്ക്കും 4,84,068 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 89,706 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ മാത്രം 20,000 ത്തിലേറെപ്പേരാണ് രോഗബാധിതരായത്. പുതിയ കേസുകളില്‍ 60 ശതമാനവും  റിപ്പോര്‍ട്ട് ചെയ്യുന്നത് 5 സംസ്ഥാനങ്ങളിലാണ്.

രാജ്യത്ത് ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 8,97,394 ആണ്. മഹാരാഷ്ട്രയാണ് മുന്നില്‍ – 2,40,000 പേര്‍.  കര്‍ണാടകത്തിലും ആന്ധ്രപ്രദേശിലും 96,000-ത്തിലധികം രോഗികള്‍ വീതമുണ്ട്. മഹാരാഷ്ട്ര, കര്‍ണാടകം, ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ്, തമിഴ്‌നാട് എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍നിന്നാണ് നിലവില്‍ ചികിത്സയിലുള്ളവരുടെ 61 ശതമാനവും.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആകെ 1,115 കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ 380 പേരും കര്‍ണാടകത്തില്‍ 146 പേരും തമിഴ്‌നാട്ടില്‍ 87 പേരും മരിച്ചു.

Share
അഭിപ്രായം എഴുതാം