ബിജെപി മര്യാദക്കാരുടെ പാര്‍ട്ടി; അമിത് മാളവ്യയെ ഐടി സെല്ലില്‍ നിന്നും നാളെയ്ക്കുള്ളില്‍ പുറത്താക്കണം; എം.പി. സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: അമിത് മാളവ്യയെ ബിജെപി ഐടി സെല്ലില്‍ നിന്നും പുറത്താക്കിയില്ലെങ്കില്‍ പാര്‍ട്ടി തന്നെ പിന്തുണയ്ക്കുന്നില്ലെന്ന് വിശ്വസിക്കുമെന്ന് ബിജെപി രാജ്യസഭാ എം.പി സുബ്രഹ്മണ്യന്‍ സ്വാമി. പുറത്താക്കല്‍ നാളേക്കകം വേണമെന്നും എം.പി വ്യക്തമാക്കി. ഒത്തു തീര്‍പ്പു ഫോര്‍മുല എന്ന നിലയില്‍ ട്വിറ്ററിലൂടെയാണ് സുബ്രഹ്മണ്യന്‍ സ്വാമി ഈ നിര്‍ദ്ദേശം മുന്നോട്ടു വെച്ചത്. ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ‌ക്കെതിരേ തുറന്ന പോര് വ്യക്തമാക്കുകയാണ് സ്വാമി.

തന്റെ നേര്‍ക്ക് വ്യക്തിപരമായ ആക്രമണങ്ങള്‍ നടത്തുന്നതിനായി ഐടി സെല്ലിലെ ചിലര്‍ വ്യാജ ഐഡികളില്‍ നിന്നും നിരന്തരം ട്വീറ്റുകള്‍ പ്രചരിപ്പിക്കുന്നു. ഇതു ബിജെപി ഐടി സെല്ലില്‍ നിന്നുണ്ടാകുന്ന ശുദ്ധ തെമ്മാടിത്തരമാണ്. ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാണ് ബിജെപി ശ്രമിക്കുന്നതെങ്കില്‍ തന്റെ അണികള്‍ തിരികെ ആക്രമിച്ചാല്‍ താനും അതിന് ഉത്തരവാദിയായിരിക്കില്ല. തന്നെ സംരക്ഷിക്കാന്‍ ബിജെപി അലംഭാവം കാട്ടുകയാണെങ്കില്‍ തനിക്ക് മറ്റു വഴികള്‍ നോക്കേണ്ടി വരുമെന്നും സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റില്‍ പറഞ്ഞു. മര്യാദക്കാരായ പുരുഷോത്തന്‍മാരുടെ പാര്‍ട്ടിയാണ് ബിജെപി. രാവണനും ദുശാസനുമല്ല ബിജെപിയുടെ മാതൃകാ പുരുഷന്‍മാര്‍. എന്നാല്‍ ഇതെല്ലാം അമിത് മാളവ്യ തകിടം മറിക്കുകയാണ്. ഇതിന് പരിഹാരമുണ്ടാക്കുന്നതില്‍ ഇനിയും സമയം നല്‍കാനാവില്ല. നാളെയ്ക്കകം മാളവ്യയെ പുറത്താക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സ്വാമി ട്വീറ്ററില്‍ കുറിച്ചു.

Share
അഭിപ്രായം എഴുതാം