പ്രത്യേക ജാതിയിലുള്ളവര്‍ക്ക് പ്രവേശനമില്ല ഇടുക്കി വട്ടവടയില്‍ ബാര്‍ബര്‍ഷോപ്പുകള്‍ പൂട്ടിച്ചു

ഇടുക്കി: വട്ടവടയില്‍ ജാതിവിവേചനം പുലര്‍ത്തിയ ബാര്‍ബര്‍ ഷോപ്പുകള്‍ പഞ്ചായത്ത് ഇടപെട്ട് പൂട്ടിച്ചു. ചില പ്രത്യേക ജാതിവിഭാഗത്തില്‍ പെട്ടവര്‍ക്ക് ബാര്‍ബര്‍ ഷോപ്പുകളില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പരാതിയെ തുടര്‍ന്നാണ് പഞ്ചായത്തും പട്ടികജാതി ക്ഷേമ സമിതിയും ഇടപെട്ട് ബാര്‍ബര്‍ ഷോപ്പ് അടച്ചു പൂട്ടിയത്. ചക്ലിയ വിഭാഗത്തിലുള്ളവരെ ബാര്‍ബര്‍ ഷോപ്പില്‍ കയറാന്‍ അനുവദിച്ചിരുന്നില്ല. ജാതി വിവേചനത്തെ തുടര്‍ന്ന് 45 കിലോമീറ്റര്‍ വരെ ദൂരെ പോയാണ് വട്ടവടയിലെ ചക്ലിയ വിഭാഗക്കാര്‍ മുടിവെട്ടിയിരുന്നത്. വിവേചനം കാണിച്ച ഷോപ്പ് അടച്ചു പൂട്ടുക മാത്രമല്ല പ്രദേശത്ത് പൊതു ബാര്‍ബര്‍ ഷോപ്പ് തുടങ്ങാനും പഞ്ചായത്ത് തീരുമാനിച്ചു.

കേരളം സമീപ കാലത്തൊന്നും കണ്ടിട്ടില്ലാത്ത ജാതിവിവേചനമാണ് ഇടുക്കി വട്ടവടയില്‍ നിലനില്‍ക്കുന്നതെന്ന് സോമപ്രസാദ് എംപി പ്രതികരിച്ചു. പൊതുവെ മുടിവെട്ടാന്‍ കുട്ടികള്‍ക്ക് സ്‌കൂളില്‍ നിന്ന് അവധി കൊടുക്കുന്ന സാഹചര്യമായിരുന്നു. പൊതു ബാര്‍ബര്‍ ഷാപ്പിന്റെ പ്രവര്‍ത്തനം നാലു ദിവസത്തിനുള്ളില്‍ ആരംഭിക്കാനാണ് തീരുമാനം.

Share
അഭിപ്രായം എഴുതാം