തിരുവനന്തപുരം: പന്തീരങ്കാവ് കേസിൽ അലൻ ശുഐബിനും താഹാ ഫസലിനും കോടതി ജാമ്യം അനുവദിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ മെമ്പർ എം.എ. ബേബി. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
എം.എ ബേബിയുടെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം താഴെ കൊടുക്കുന്നു:
“പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ അലൻ ശുഐബിനും താഹാ ഫസലിനും എൻ ഐഎ കോടതി ജാമ്യം അനുവദിച്ചതിൽ അതിയായ സന്തോഷം. വിദ്യാർത്ഥികളായിരുന്ന ഇവർ ഇരുവരുടെയും പേരിൽ പോലീസും എൻഐഎയും ഉയർത്തിയ ആരോപണം മാവോയിസ്റ്റ് ബന്ധം എന്നതാണ്. ഇവർ മറ്റ് എന്തെങ്കിലും നിയമവിരുദ്ധ ക്രിമിനൽ പ്രവർത്തനം നടത്തിയതായി ആരോപണം ഇല്ല. രാഷ്ട്രീയ പ്രവർത്തകരെ യു എ പി എ ചുമത്തി ജയിലിൽ അടയ്ക്കുന്നതിന് സിപിഐഎം എതിരാണ്. ഇന്ത്യയിലെ വിവിധ ജയിലുകളിലായി കഴിയുന്ന എല്ലാ രാഷ്ട്രീയ തടവുകാർക്കും ഇതുപോലെ ജാമ്യം നല്കേണ്ടതാണ്. “