ആലപ്പുഴ: കൃഷ്ണപുരം സാംസ്‌കാരിക വിനോദ കേന്ദ്രത്തില്‍ ആരംഭിക്കുന്ന സാഹസിക വിനോദ കേന്ദ്രത്തിന്റെ നിര്‍മ്മാണോദ്ഘാടനം എ.എം ആരിഫ് എംപി നിര്‍വഹിച്ചു. ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാര സാധ്യതകളുള്ള നാടാണ് കേരളം. അത് പരമാവധി പ്രയോജനപ്പെടുത്തണം. ഫാം ടൂറിസം, തീര്‍ത്ഥാടന ടൂറിസം, സാംസ്‌കാരിക ടൂറിസം, തുടങ്ങി വിവിധങ്ങളായ ടൂറിസം പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ സാധിക്കും. ഒരു മികച്ച മാതൃകയാണ് ഈ സാഹസിക ടൂറിസം കേന്ദ്രത്തിന്റെ നിര്‍മാണം. സാംസ്‌കാരിക വകുപ്പ് വളരെ മികച്ച പിന്തുണയാണ് മണ്ഡലത്തിലെ പ്രവത്തനങ്ങള്‍ക്ക് നല്‍കുന്നതെന്നും എംപി പറഞ്ഞു.
യു പ്രതിഭ എംഎല്‍എയുടെ അഭ്യര്‍ത്ഥന പ്രകാരം ടൂറിസം വകുപ്പില്‍ നിന്നും 93.91 ലക്ഷം രൂപ വിനിയോഗിച്ചാണ് സാഹസിക വിനോദ കേന്ദ്രം സ്ഥാപിക്കുന്നത്. സ്‌കൈ സൈക്കിളിംഗ്, സിപ്പ്‌ലൈന്‍ , ജുമ്മറിംഗ്, ഫ്രീഫാള്‍ , ക്ലൈംബിംഗ് വാള്‍ എന്നീ സാഹസിക വിനോദങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വിനോദകേന്ദ്രത്തിന്റെ നടത്തിപ്പ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി വാപ്‌കോസ് ലിമിറ്റഡ്, കൊച്ചി എന്ന കമ്പനിയെയാണ് ഏല്‍പ്പിച്ചിട്ടുള്ളത്.
ചടങ്ങില്‍ യു പ്രതിഭ എംഎല്‍എ അധ്യക്ഷത വഹിച്ചു. കായംകുളത്തിന്റെ ടൂറിസം സാധ്യതകളെ കൂടുതല്‍ വര്‍ധിപ്പിക്കാനും സഹസിക പ്രേമികളായ യുവാക്കളെ കൂടുതല്‍ ആകര്‍ഷിക്കാനും ഈ പദ്ധതിക്ക് സാധിക്കുമെന്ന് എംഎല്‍എ പറഞ്ഞു. ചുറ്റുമതിലും മറ്റു സൗകര്യങ്ങളും ഒരുക്കി ഒരു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്റെയും ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും ശ്രമഫലമായി കൂടെയാണ് പദ്ധതി യഥാര്‍ഥ്യമാകുന്നതെന്ന് എംഎല്‍എ പറഞ്ഞു.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന ചടങ്ങില്‍ ജില്ല കളക്ടര്‍ എ അലക്‌സാണ്ടര്‍ മുഖ്യതിഥിയായി. കായംകുളം നഗരസഭാ വൈസ് ചെയര്‍പെഴ്‌സണ്‍ ആര്‍ ഗിരിജ, കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി വിജയമ്മ, വാര്‍ഡ് കൗണ്‍സിലര്‍ കെ കെ അനില്‍കുമാര്‍, സാംസ്‌കാരിക വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അജിത്ത് ബാബു ആര്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ അഭിലാഷ് കുമാര്‍ റ്റി.ജി, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി മാലിന്‍ എം തുടങ്ങിയവര്‍ പങ്കെടുത്തു.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7699/krishnapuram-tourism-.html