മുംബൈ: ഹോളിവുഡ് നടി കങ്കണ റണാവത്തിൻ്റെ മുംബൈ പാലി ഹില്ലിലെ ഓഫീസ് കെട്ടിടത്തിലെ പുതിയ നിർമാണ പ്രവർത്തനങ്ങൾ ബ്രിഹാൻ മുബൈ മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ പൊളിച്ചുനീക്കി. കെട്ടിടത്തിൽ നടന്നിട്ടുള്ള പുതിയ നിർമ്മാണങ്ങളും പരിഷ്കരണങ്ങളും നഗരസഭയുടെ അനുമതി ഇല്ലാതെ നിയമ വിരുദ്ധമായി നടത്തിയതാണെന്ന് ആരോപിച്ചാണ് നഗരസഭയുടെ നടപടി. നിർമാണങ്ങളുടെ നിയമപരമായ രേഖകൾ 24 മണിക്കൂറിനുള്ളിൽ ഹാജരാക്കണമെന്നും അല്ലാത്ത പക്ഷം അവ പൊളിച്ചുനീക്കുമെന്നും കാണിച്ച് ഇന്നലെ രാവിലെ നഗരസഭാ ഉദ്യോഗസ്ഥർ കങ്കണയ്ക്ക് നോട്ടീസ് നൽകിയിരുന്നു. നടിയുടെ ഓഫീസിലുള്ളവർ നോട്ടീസ് കൈപ്പറ്റാൻ വിസമ്മതിച്ചതിനാൽ ഉദ്യോഗസ്ഥർ അത് ചുമരിൽ പതിക്കുകയായിരുന്നു .
നോട്ടീസിൽ പറഞ്ഞ സമയപരിധി അവസാനിച്ചതോടെയാണ് നഗരസഭാധികൃതർ ജെസിബി വെച്ച് നിർമ്മാണങ്ങൾ ഉച്ചയോടെ പൊളിച്ചുമാറ്റിയത്. എന്നാൽ രേഖകൾ സമർപ്പിക്കാൻ കൂടുതൽ സമയം ആവശ്യമാണെന്നും നടി ബുധനാഴ്ച
(09-09-20) തന്നെ ഹിമാചൽ നിന്നും മുംബൈയിൽ എത്തുമെന്നും കങ്കണയുടെ അഭിഭാഷകൻ ഉസ്മാൻ സിദ്ദിഖ് ഇന്നലെ നഗരസഭയ്ക്ക് മറുപടി നൽകിയിരുന്നു. ഈ ആവശ്യം നഗരസഭാ അധികൃതർ അംഗീകരിച്ചില്ല.
2017 ലാണ് ഇപ്പോൾ വിവാദമായ കെട്ടിടം കങ്കണ വാങ്ങുന്നത് . ഈ വർഷം
ജനുവരിയിൽ കെട്ടിടത്തിനകത്ത് അനുബന്ധമായി കൂടുതൽ നിർമ്മാണങ്ങൾ നടത്തുകയും ചെയ്തു. ഈ നിർമ്മാണങ്ങൾ ആണ് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് നഗരസഭ ഇപ്പോൾ പൊളിച്ചുമാറ്റിയിരിക്കുന്നത്. മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ നിയമത്തിലെ 354 (എ) സെക്ഷൻ പ്രകാരമാണ് നഗരസഭയുടെ നടപടി.
ബാബർ രാമക്ഷേത്രം തകർത്തത് പോലെയാണ് നഗരസഭ തൻറെ ഓഫീസ് തകർത്തതെന്ന് കങ്കണ റണാവത് പ്രതികരിച്ചു. ഇന്ന് വൈകിട്ടോടെ നടി മുംബൈയിൽ എത്തും. ശിവസേനയുമായി വാക് യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന നടിയ്ക്ക് അതീവ സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
നടൻ സുശാന്ത് സിംഗ് രാജ് പുത്തിൻറെ മരണവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സർക്കാരിനെതിരെ കങ്കണ റണാവത്ത് നടത്തിയ പരാമർശങ്ങളാണ് മഹാരാഷ്ട്ര സർക്കാരും കങ്കണയും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് കാര്യങ്ങൾ എത്തിച്ചത് .