ഏഴു മാസം നീണ്ട ദുരിതപൂർണമായ കടൽ യാത്രയ്ക്കൊടുവിൽ 297 റോഹിങ്ക്യൻ അഭയാർഥികൾ ഇന്തോനേഷ്യൻ തീരത്തെത്തി

ജക്കാർത്ത: വിവരണാതീതമായ ദുരിതങ്ങൾ നിറഞ്ഞ, 7 മാസം നീണ്ട കടൽ യാത്രയ്ക്കൊടുവിൽ മുന്നൂറിനടുത്ത് റോഹിങ്ക്യൻ അഭയാർഥികൾ ഇന്തോനേഷ്യൻ തീരത്തെത്തി.

സ്ത്രീകളും കുട്ടികളും ഉൾപ്പെട്ട സംഘം കഴിഞ്ഞദിവസമാണ് ഒരു തടി ബോട്ടിൽ ഇന്തോനേഷ്യൻ തീരത്ത് എത്തിയത്. മാർച്ച് മാസം ബംഗ്ലാദേശിൽ നിന്നും മനുഷ്യക്കടത്തു സംഘത്തിന് പണം നൽകി മലേഷ്യയിലേക്ക് പുറപ്പെട്ട സംഘമാണ് ഒരുവർഷത്തിൻ്റെ പകുതിയിലേറെയും കടലിൽ അലഞ്ഞ് ഒടുവിൽ തീരത്തെത്തിയത് .

ബംഗ്ലാദേശിലെ കോക്സ് ബസാറിൽ നിന്ന് പുറപ്പെടുമ്പോൾ 330 പേർ സംഘത്തിൽ ഉണ്ടായിരുന്നുവെങ്കിലും 181 സ്ത്രീകളും 14 കുട്ടികളുമടക്കം 297 പേർ മാത്രമാണ് കരയ്ക്ക് എത്തിയതെന്ന് അഭയാർത്ഥികൾക്കായുള്ള യു എൻ ഹൈ കമ്മീഷണർ ഓഫീസ് പറയുന്നു. 30 പേർ യാത്രയ്ക്കിടയിൽ മരണപ്പെട്ടു.

രക്ഷപ്പെട്ട സംഘത്തിലെ സ്ത്രീകളും കുട്ടികളും നന്നേ അവശരായിരുന്നു. തീരത്തു നിന്നും ഏതാനും മൈലുകൾ അകലെ അർദ്ധരാത്രിയോടെയാണ് ഇവരുടെ ബോട്ട് പ്രാദേശിക മത്സ്യത്തൊഴിലാളികൾ കണ്ടെത്തുന്നത്.

കരയ്ക്കെത്തിച്ചവരിൽ ആരോഗ്യസ്ഥിതി മോശമായ ഒരു കുട്ടിയെ ഉടൻ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. അഭയാർഥികൾക്കായുള്ള പ്രത്യേക കേന്ദ്രത്തിലേക്കാണ് സംഘത്തെ നിലവിൽ മാറ്റിയിരിക്കുന്നതെന്ന് റെഡ് ക്രോസ് വൃത്തങ്ങൾ അറിയിച്ചു.

മലേഷ്യയിലും തായ്‌ലാൻഡിലും എത്തിച്ചേർന്ന ഇവരുടെ ബോട്ട് കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് തിരിച്ചയയ്ക്കപ്പെടുകയായിരുന്നുവെന്ന് സംഘത്തിലുള്ള ഒരാൾ പറഞ്ഞു. ബോട്ടിലുള്ള മുഴുവൻ ആളുകളും പണം നൽകാത്തതിനാൽ കളളക്കടത്തുകാർ ബോട്ട് കരയ്ക്കടുപ്പിക്കാതെ എല്ലാവരെയും ബന്ധികളാക്കിവച്ചിരിക്കുകയായിരുന്നു എന്നും ഇയാൾ പറയുന്നു. പൂർണമായും പണം കിട്ടിക്കഴിഞ്ഞപ്പോൾ മാത്രമാണ് കടത്തുകാർ ബോട്ട് കരയിലേക്ക് അടുപ്പിച്ചത്. കോവിഡ് സാഹചര്യത്തിൽ കൂടുതൽ ജാഗ്രതയോടെയാണ് ഇന്തോനേഷ്യൻ അധികൃതർ ഇവരെ പാർപ്പിച്ചിരിക്കുന്നത്.

മ്യാൻമാറിലെ പീഡനങ്ങളിൽ നിന്ന് രക്ഷപെട്ട് പലായനം ചെയ്ത് ബംഗ്ലാദേശിൽ റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പുകളിൽ വർഷങ്ങളായി കഴിയുന്നവരാണ് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് അഭയം തേടി സഞ്ചരിക്കുന്നത്. ഇക്കഴിഞ്ഞ ജൂൺ മാസം നൂറിലധികം യാത്രക്കാർ അടങ്ങുന്ന മറ്റൊരു സംഘവും ഇന്തോനേഷ്യൻ തീരത്ത് എത്തിയിരുന്നു.

Share
അഭിപ്രായം എഴുതാം