തിരുവനന്തപുരം : നൂറുദിന കര്‍മ പദ്ധതിയുടെ ഭാഗമായി മൂന്നു കോടി രൂപ ചെലവഴിച്ച് 14 സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തെ വിവിധ നിയോജകമണ്ഡലങ്ങളിലായി പൂര്‍ത്തിയാക്കിയ 34 ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 3129 കോടി രൂപയാണ് നീക്കി വച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 250 പുതിയ സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണം ഉടന്‍ ആരംഭിക്കും. 350 ലധികം വിദ്യാലയങ്ങളില്‍ പഌന്‍ഫണ്ട് ഉപയോഗിച്ച് അടിസ്ഥാന സൗകര്യം ഒരുക്കുന്നുണ്ട്. കോവിഡ് കാലത്തെ ഓണ്‍ലൈന്‍ വിദ്യാഭ്യാസവും വിജയമായി. മറ്റുള്ളവര്‍ക്ക് ഇതിലൂടെ കേരളം മാതൃക കാട്ടി. ജാതി മത രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ കൈകോര്‍ത്തു.
അതേസമയം ഇപ്പോള്‍ ഉദ്ഘാടനം ചെയ്യുന്ന സ്‌കൂളുകളുടെ കാര്യത്തില്‍ ചിലര്‍ സമൂഹമാധ്യമങ്ങള്‍ വഴി തെറ്റിദ്ധാരണ പരത്താന്‍ ശ്രമിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. പുതിയ കെട്ടിടങ്ങളെല്ലാം മലബാര്‍ ഭാഗത്തെ സ്‌കൂളുകള്‍ക്കാണെന്നായിരുന്നു പ്രചാരണം. എന്നാല്‍ ബാലരാമപുരം മുതല്‍ ചേലക്കരെ വരെയുള്ള മേഖലയിലെ 19 സ്‌കൂളുകള്‍ക്കാണ് പുതിയ കെട്ടിടം ഒരുക്കിയിരിക്കുന്നത്.
നാട്ടില്‍ നടക്കുന്ന നല്ലകാര്യങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ ഇത്തരം ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ലൈഫ് മിഷന്റെ കാര്യത്തിലും ഇത് സംഭവിച്ചു. രണ്ടേകാല്‍ ലക്ഷം വീടുകളാണ് ലൈഫ് മിഷനില്‍ പൂര്‍ത്തിയാക്കി വീടില്ലാത്തവര്‍ക്ക് നല്‍കിയത്. രണ്ടേകാല്‍ ലക്ഷം കുടുംബങ്ങള്‍ക്കാണ് ഇതിലൂടെ അഭിമാനബോധം പകരാനായത്. സാധാരണ മനുഷ്യരെക്കുറിച്ച് താത്പര്യമുള്ള എല്ലാവരും ഇത്തരം പദ്ധതികള്‍ സ്വാഗതം ചെയ്യും. പദ്ധതി വിജയിപ്പിക്കുന്നതിന് നാട്ടിലെ സുമനസുകളെല്ലാം ഒപ്പം ചേര്‍ന്നു.
നവകേരളം സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനത്തില്‍ കിഫ്ബി പ്രധാന പങ്ക് വഹിക്കുന്നു. നാടിന്റെ എല്ലാ മേഖലകളും മെച്ചപ്പെടണം. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ നമുക്ക് നല്ല പേരുണ്ട്. എന്നാല്‍ കൂടുതല്‍ മെച്ചപ്പെടാനുള്ള ശ്രമംവേണം. അതിന് കുറവുകള്‍ കണ്ടെത്തി പരിഹരിക്കണം. പക്ഷപാതമില്ലാതെ എല്ലാ മണ്ഡലങ്ങളിലും മികവിന്റെ കേന്ദ്രങ്ങള്‍ ഒരുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7711/new-building-inauguration-of-34-higher-secondary-school.html