കടലില്‍ ബോട്ട് തകര്‍ന്ന് കാണാതായ ആറ് മത്സ്യത്തൊഴിലാളികളും തിരിച്ചെത്തി

പൊന്നാനി: കടലില്‍ ബോട്ട് തകര്‍ന്ന് കാണാതായ ആറ് മത്സ്യത്തൊഴിലാളി കളേയും തിരിച്ചു കിട്ടി. പൊന്നാനിയുടെ നെഞ്ചുരുകിയ പ്രാർത്ഥനകൾ സഫലമായി. കടലിൽ അകപ്പെട്ടു പോയവരെ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ മത്സ്യത്തൊഴിലാളികളാണ് കണ്ടെത്തിയത്. നാട്ടിക തീരത്ത് നിന്ന് പത്ത് നോട്ടിക്കല്‍ മൈല്‍ അകലെവെച്ചാണ് ബോട്ട് തകര്‍ന്നത്.

ബോട്ട് മുങ്ങുകയാണ്, ഞങ്ങള്‍ ലൈഫ് ജാക്കറ്റ് ധരിച്ച്‌ കടലില്‍ ചാടുകയാണ് ‘ എന്നാണ് കരയിലുള്ളവർക്ക് അവസാനം ലഭിച്ച സന്ദേശം. ഇതിനു ശേഷം ബോട്ടുമായുള്ള ആശയ വിനിമയം പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. നാട്ടിക ഭാഗത്താണ് കുടുങ്ങിയിരിക്കുന്നതെന്നായിരുന്നു നിഗമനം. ഒടുവിൽ
ബോട്ടിലെ തൊഴിലാളികളെ ചാവക്കാട് തീരത്തോട് ചേര്‍ന്ന കടലിലാണ് രക്ഷാദൗത്യമേറ്റെടുത്തവർ കണ്ടെത്തിയത്.

പൊന്നാനി അഴീക്കല്‍ സ്വദേശികളായ പൗറാക്കാനകത്ത് കുഞ്ഞന്‍ ബാവ, ചൊക്കിന്റകത്ത് സുബൈര്‍, ബോട്ടിന്റെ സ്രാങ്ക് ഖാദര്‍കുട്ടി ഹാജിയാരകത്ത് നാസര്‍, കുഞ്ഞിരായിന്‍ കുട്ടിക്കാനകത്ത് മുനവ്വിര്‍, ഷെഫീര്‍, ഒരു അന്യസംസ്ഥാന തൊഴിലാളി എന്നിവരെയാണ് രക്ഷപ്പെടുത്തി തീരത്തെത്തിച്ചത്. ആറ് മണിയോടെ പൊന്നാനി ഫിഷിംഗ് ഹാര്‍ബറിലെത്തിച്ച ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പൊന്നാനിയില്‍ നിന്ന് ആറ് ബോട്ടുകളിലായിട്ടാണ് മത്സ്യതൊഴിലാളികൾ അപകടത്തില്‍ പെട്ടവരെ രക്ഷപ്പെടുത്തി തീരത്തെത്തിച്ചത്.
പൊന്നാനിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ മഹാലക്ഷ്മി എന്ന ബോട്ടാണ് തിങ്കളാഴ്ച്ച പുലര്‍ച്ചെ നാല് മണിയോടെ കടലില്‍ തകര്‍ന്നത്. തിങ്കളാഴ്ച്ച പുലര്‍ച്ചെ നാല് മണി വരെ ബോട്ടിലുണ്ടായിരുന്നവര്‍ പൊന്നാനി തീരവുമായി ബന്ധപ്പെട്ടിരുന്നു. പതിനൊന്ന് മണിക്കൂറോളം തൊഴിലാളികളെ കുറിച്ച്‌ യാതൊരു വിവരവും ലഭിക്കാതിരുന്നത് പൊന്നാനി തീരത്ത് ആശങ്ക പടര്‍ത്തിയിരുന്നു.

മത്സ്യ ബന്ധനം കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ ബോട്ടിൻ്റെ എഞ്ചിന്‍ തകരാറിലാവുകയായിരുന്നു. നാട്ടിക, എടമുട്ടം ഭാഗത്തു എത്തിയപ്പോൾ യന്ത്രത്തകരാറ് അനുഭവപ്പെട്ട് ബോട്ടിന്റെ സഞ്ചാരം മെല്ലെയായി. ഈ സമയത്ത് ബോട്ടിന്റെ അടിപ്പലക തകര്‍ന്നു. വെള്ളം അനിയന്ത്രിതമായി അകത്ത് കയറാന്‍ തുടങ്ങി. എഞ്ചിനില്‍ വെള്ളം കയറിയതോടെ ബോട്ട് നിശ്ചലമായി. പലക അടര്‍ന്നതോടെ ബോട്ട് മുങ്ങാന്‍ തുടങ്ങി. ബോട്ടിന്റെ സഞ്ചാരം മെല്ലെയായ സമയത്ത് മറ്റു ബോട്ടുകള്‍ അവരെ മറികടന്ന് പോയിരുന്നെങ്കിലും ഈ ബോട്ടിലുള്ളവർ അപകടത്തില്‍പെടുകയാണെന്ന് അറിഞ്ഞിരുന്നില്ല.

മത്സ്യത്തൊഴിലാളികള്‍ക്കായി രാവിലെ മുതല്‍ തിരച്ചില്‍ ആരംഭിച്ചു. കോസ്റ്റ് ഗാര്‍ഡിന്റെ രണ്ട് കപ്പലും ഒരു എയര്‍ക്രാഫ്‌റ്റും തിരച്ചിലിന് നേതൃത്വം നല്‍കി. നേവിയുടെ ഹെലികോപ്റ്റര്‍ തിരച്ചിലിനിറങ്ങാന്‍ സജ്ജമായിരുന്നു. ഉച്ചയായിട്ടും യാതൊരു വിവരവും ലഭിക്കാതിരുന്ന സാഹചര്യത്തില്‍ പൊന്നാനിയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ രക്ഷാ പ്രവര്‍ത്തനത്തിനിറങ്ങാന്‍ സന്നദ്ധത അറിയിച്ചു. പ്രതികൂല കാലാവസ്ഥയായതിനാല്‍ ആദ്യ ഘട്ടത്തില്‍ അനുമതി ലഭിച്ചില്ല. തുടര്‍ന്ന് മൂന്ന് മണിയോടെ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ മത്സ്യത്തൊഴിലാളികള്‍ നാട്ടിക ഭാഗത്തേക്കുള്ള യാത്രക്കിടയിലാണ് ചാവക്കാട് ഭാഗത്തുവെച്ച്‌ കടലില്‍ ഒഴുകി വരികയായിരുന്ന മത്സ്യത്തൊഴിലാളികളെ കണ്ടത്. തകര്‍ന്ന ബോട്ടിന്റെ മരപ്പലകകളിലും മറ്റും പിടിച്ച്‌ ഒഴുക്കിനൊത്ത് തീരമണയാന്‍ ശ്രമിക്കുകയായിരുന്നു അവര്‍. മത്സ്യത്തൊഴിലാളികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു

Share
അഭിപ്രായം എഴുതാം