പകുതി കുഴിച്ചിട്ട നിലയില്‍ നവജാത ശിശു; രക്ഷിച്ച് ഗ്രാമീണര്‍

കൃഷ്ണവാരം: ആന്ധ്രാപ്രദേശിലെ കൃഷ്ണവാരം ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്ത് പകുതി കുഴിച്ചിട്ട നിലയില്‍ നവജാത ശിശുവിനെ കണ്ടെത്തി. കന്നുകാലികളെ മേയ്ക്കാന്‍ പോയവരാണ് കുഞ്ഞിന്റെ കരച്ചില്‍ കേട്ടത്. കരച്ചില്‍ കേട്ടയിടത്ത് ചെന്നപ്പോള്‍ മണലില്‍ പകുതി കുഴിച്ചിട്ട നിലയില്‍ കുഞ്ഞിനെ കാണുകയായിരുന്നു. പുറത്തെടുത്തപ്പോള്‍ കുഞ്ഞിന് ശ്വാസം ഉള്ളതായി കണ്ടെത്തുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. കിഴക്കന്‍ ഗോദാവരി ജില്ലയിലെ യെതപക മണ്ഡലത്തിലാണ് സംഭവം. കുട്ടിയെ കണ്ടെത്തിയവര്‍ ഉടന്‍ തന്നെ നാട്ടുകാരെ വിവരം അറിയിക്കുകയും അടുത്തുള്ള ഗ്രാമത്തില്‍ നിന്നുള്ള സ്ത്രീകള്‍ സ്ഥലത്തെത്തി കുഞ്ഞിനെ വൃത്തിയാക്കുകയും വായില്‍ നിന്ന് ചെളി നീക്കം ചെയ്യുകയും ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കുഞ്ഞിന് ഒരു കിലോയോളം ഭാരം ഉണ്ടായിരുന്നു. ജീവനോടെ കുഞ്ഞിനെ ആരാണ് കുഴിച്ചിട്ടതെന്ന് പരിശോധിക്കുകയാണെന്നും ശ്മശാനത്തിലെ സിസിടിവി ദൃശ്യങ്ങള്‍ നിരീക്ഷിക്കുകയാണെന്നും പോലീസ് പറഞ്ഞു. പെണ്‍കുഞ്ഞ് ആയതിനാലാണോ അതോ കുഞ്ഞ് മരിച്ചുപോയെന്ന് കരുതിയതുകൊണ്ടാണോ കുഴിച്ചിട്ടതെന്ന് അന്വേഷിക്കുമെന്ന് പോലീസ് കൂട്ടിച്ചേര്‍ത്തു.

Share
അഭിപ്രായം എഴുതാം